യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും ഇരകൾക്ക് പ്രാർത്ഥനകളും ഐക്യദാർഢ്യവും ഉറപ്പുനൽകി ലിയോ പതിനാലാമൻ പാപ്പാ
ഉക്രൈനിൽ നടന്നുവരുന്ന യുദ്ധത്തെ താൻ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് ലിയോ പതിനാലാമൻ പാപ്പാ. കഴിഞ്ഞ ഏതാനും നാളുകളായി രാജ്യം നേരിടുന്ന ആക്രമണങ്ങൾ വലിയ തോതിൽ വർദ്ധിച്ചുവെന്നും പാപ്പാ പ്രസ്താവിച്ചു. മെയ് 27 ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചയുടെ അവസാനമാണ്, റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ ഭാഗമായി സഹനത്തിലൂടെ കടന്നുപോകുന്ന ഉക്രൈൻ ജനതയെ ചേർത്തുപിടിച്ച പരിശുദ്ധ പിതാവ്, അടുത്തിടെ ഉണ്ടായ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്നവർക്ക് തന്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
യുദ്ധം പ്രശ്‌നപരിഹാരം ഉണ്ടാക്കുന്നില്ലെന്ന് മാത്രമല്ല, അത് പരിഹാരമാർഗ്ഗങ്ങൾ കൂടുതൽ ദുഷ്കരമാക്കുകയാണ് ചെയ്യുന്നതെന്ന് പരിശുദ്ധ പിതാവ് പ്രസ്താവിച്ചു. ആക്രമണവും യുദ്ധവും സുരക്ഷ സൃഷ്ടിക്കുകയല്ല, അത് ദുരിതവും വെറുപ്പും ഇരട്ടിപ്പിക്കുകയാണ് ചെയ്യുന്നതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങൾ നടക്കുന്നയിടങ്ങളിൽ പ്രതീക്ഷ തച്ചുടയ്ക്കപ്പെടുകയും, വീടുകളും ആരാധനായിടങ്ങളും നശിപ്പിക്കപ്പെടുകയുമാണെന്ന് പ്രസ്താവിച്ച പാപ്പാ, നിഷ്കളങ്ക ജീവിതങ്ങളാണ് ഇല്ലാതാക്കപ്പെടുന്നതെന്ന് അപലപിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണങ്ങൾ സാധാരണജനങ്ങളെക്കൂടിയാണ് ലക്ഷ്യമാക്കിയതെന്ന് പാപ്പാ പ്രസ്താവിച്ചു.
യുദ്ധം ഏറ്റുവാങ്ങേണ്ടിവന്ന ജനത്തെ, സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണത്തിന് താൻ സമർപ്പിക്കുന്നുവെന്നും ലിയോ പതിനാലാമൻ പാപ്പാ പ്രസ്താവിച്ചു.
ലെബനൻ ജനത്തിന് ആശ്വാസവാക്കുകൾ
ലെബനാനിലേക്കുള്ള ഇസ്രായേൽ ആക്രമണത്തിന്റെ സാഹചര്യത്തിൽ, അവിടുത്തെ ജനമനുഭവിക്കുന്ന ദുരിതങ്ങളെ പരാമർശിച്ച പാപ്പാ, ആ ജനത്തിന് പ്രത്യേകം അഭിവാദ്യമർപ്പിച്ചു. പരിശുദ്ധ അമ്മ നമുക്കൊപ്പമുണ്ടെന്നും, മാതൃസഹജമായ സ്നേഹത്തോടെ നമ്മെ സംരക്ഷിക്കുന്നുണ്ടെന്നും നമുക്കായി പ്രാർത്ഥിക്കുന്നുണ്ടെന്നും പാപ്പാ പ്രസ്താവിച്ചു. അറബ്, ഫ്രഞ്ച് ഭാഷകളിൽ സംസാരിക്കുന്ന ആളുകളെ അഭിസംബോധന ചെയ്യവെയാണ് ലെബനൻ നേരിടുന്ന ആക്രമണങ്ങളെ പാപ്പാ അനുസ്മരിച്ചത്.
ദൈവം നിങ്ങളെവരെയും അനുഗ്രഹിക്കുകയും, എല്ലാ തിന്മകളിലും നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യട്ടെയെന്ന് പാപ്പാ ആശംസിച്ചു.