അപ്പസ്‌തോലിക സന്ദര്‍ശനത്തിന്റെ അവസാന ഘട്ടത്തിനായി ലിയോ പതിനാലാമന്‍ പാപ്പ പെറുവില്‍
തെക്കേ അമേരിക്കന്‍ അപ്പസ്‌തോലിക സന്ദര്‍ശനത്തിന്റെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തിനായി ലിയോ പതിനാലാമന്‍ പാപ്പ പെറുവില്‍ എത്തി. ഉറുഗ്വേ, അര്‍ജന്റീന എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് ശേഷമാണ് ആറു ദിവസത്തെ സന്ദര്‍ശനത്തിനായി പാപ്പ പെറുവിലെത്തിയത്.
കലാവോ വ്യോമതാവളത്തില്‍ വിമാനമിറങ്ങിയ പാപ്പയെ പെറു പ്രസിഡന്റ് കെയ്ക്കോ ഫുജിമോറിയും വിദേശകാര്യ മന്ത്രി കാര്‍ലോസ് എസ്പായും ചേര്‍ന്ന് ഔദ്യോഗികമായി സ്വീകരിച്ചു.
പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിച്ച രണ്ട് കുട്ടികളെ പാപ്പ ആലിംഗനം ചെയ്ത് നന്ദി അറിയിച്ചു. 'സിന്‍ഫോണിയ പോര്‍ എല്‍ പെറു' എന്ന സംഘത്തിലെ 27 കുട്ടികള്‍ ഉള്‍പ്പെടുന്ന ഗായകസംഘം പാപ്പയെ വരവേല്‍ക്കാന്‍ ഗാനങ്ങള്‍ ആലപിച്ചു.
വിമാനത്താവളത്തില്‍ കാത്തുനിന്ന ഭിന്നശേഷിക്കാരെയും നിരവധി കുഞ്ഞുങ്ങളെയും പാപ്പ ആശീര്‍വദിച്ചു. കലാവോയില്‍ നിന്ന് ലിമയിലേക്ക് തുടര്‍ന്ന് അവെനിഡ ബ്രസീലിലേക്ക് യാത്രതിരിച്ച പാപ്പ, അവിടെനിന്ന് പോപ്പ് മൊബീലില്‍ സഞ്ചരിച്ച് വഴിയരികില്‍ കാത്തുനിന്ന വിശ്വാസികളെ അഭിവാദ്യം ചെയ്ത് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലേക്ക് നീങ്ങി.
കൊട്ടാരത്തില്‍ നടന്ന ഔദ്യോഗിക സ്വീകരണ ചടങ്ങിലും പ്രസിഡന്റ് കെയ്ക്കോ ഫുജിമോറിയുമായുള്ള കൂടിക്കാഴ്ചയിലും പാപ്പ പങ്കെടുത്തു.
ലിമയിലെ ഗ്രാന്‍ഡ് നാഷണല്‍ തിയേറ്ററില്‍ രാജ്യത്തെ ഭരണാധികാരികള്‍, നയതന്ത്ര പ്രതിനിധികള്‍, പൊതുസമൂഹത്തിന്റെ പ്രതിനിധികള്‍ എന്നിവരെ അഭിസംബോധന ചെയ്തുകൊണ്ടാണ് പെറുവിലെ പാപ്പയുടെ ആദ്യ ദിനം സമാപിച്ചത്.
മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ലിയോ പതിനാലാമന്‍ പാപ്പയുടെ ആദ്യ പെറു സന്ദര്‍ശനമാണിത്. ലിമയില്‍ നിന്ന് ചിക്ലായോ, ആന്‍ഡീസ്, ആമസോണ്‍ മേഖലകളിലും പാപ്പ സന്ദര്‍ശനം നടത്തും.
വര്‍ഷങ്ങളോളം അഗസ്റ്റീനിയന്‍ മിഷനറിയായും 2015 മുതല്‍ 2023 വരെ ചിക്ലായോ രൂപതയുടെ ബിഷപ്പായും സേവനമനുഷ്ഠിച്ച നാട്ടിലേക്കാണ് പാപ്പ വീണ്ടും എത്തുന്നത്.
വെള്ളിയാഴ്ച ചിക്ലായോയിലെത്തുന്ന പാപ്പ, പാമ്പാസ് ഡി പിമെന്റലില്‍ (ജമാുമ െറല ജശാലിലേഹ) വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
പെറുവിലെ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തുന്ന പാപ്പ, ലിമ കത്തീഡ്രലില്‍ മധ്യാഹ്ന പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് കത്തീഡ്രലിന് പുറത്തുള്ള ചത്വരത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പാപ്പ പങ്കെടുക്കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുസ്‌കോയിലെ സാക്‌സായ്വാമാനില്‍ മധ്യാഹ്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയും, പുക്കാല്‍പ്പയില്‍ മിഷനറിമാരുമായും ആമസോണ്‍ ഗോത്രവര്‍ഗ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
നവംബര്‍ 16 തിങ്കളാഴ്ച ലിമയിലെ ലാസ് പാല്‍മാസ് വ്യോമതാവളത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച ശേഷം പാപ്പ റോമിലേക്ക് മടങ്ങും.