വൈദികർക്കുവേണ്ടി വിശ്വാസികളുടെ പ്രാർത്ഥനകൾ അഭ്യർത്ഥിച്ച് ലിയോ പതിനാലാമൻ പാപ്പാ
പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന വൈദികര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിച്ചും നല്ലിടയനായ യേശുവിന് അവരെ സമര്‍പ്പിച്ചും ലിയോ പാപ്പാ.
ഏപ്രില്‍ മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗവുമായി പരിശുദ്ധ പിതാവിന്റെ പേരിലുള്ള പ്രാര്‍ത്ഥനാശൃംഖല മാര്‍ച്ച് 31-ന് പുറത്തുവിട്ട ഒരു വീഡിയോയിലാണ് ഇത്തരമൊരു അഭ്യര്‍ത്ഥന.
ഏകാന്തതയുടെ ഭാരം അനുഭവപ്പെടുകയും ഹൃദയത്തില്‍ ഇരുള്‍ നിറയുകയും പ്രത്യാശയ്ക്കപ്പുറം ക്ഷീണവും തളര്‍ച്ചയും വലുതാണെന്ന തോന്നല്‍ ഉളവാകുകയും ചെയ്യുന്ന ജീവിതസാഹചര്യങ്ങള്‍ വൈദികര്‍ അഭിമുഖീകരിക്കുന്നുണ്ടെന്ന് പരിശുദ്ധ പിതാവ് തന്റെ വീഡിയോയില്‍ പരാമര്‍ശിച്ചു.
വൈദികരുടെ ഉള്ളിലെ സംഘര്‍ഷങ്ങളും അവരുടെ മുറിവുകളും അറിയുന്നവനാണ് ദൈവമെന്ന തിരിച്ചറിവോടെ അവരില്‍ ദൈവത്തിന്റെ വ്യവസ്ഥകളില്ലാത്ത സ്‌നേഹത്തെകുറിച്ചുള്ള ബോധ്യം പുതുക്കാനും വെറും ജോലിക്കാരോ ധീരരായ ഒറ്റയാള്‍ പട്ടാളക്കാരോ അല്ല തങ്ങളെന്നും മറിച്ച് സ്‌നേഹിക്കപ്പെടുന്ന മക്കളും എളിമയവരും എന്നാല്‍ വിലയേറിയവരുമായ ശിഷ്യരും ദൈവജനത്തിന്റെ പ്രാര്‍ത്ഥനകളുടെ പിന്‍ബലമുള്ള ഇടയന്മാരുമാണെന്ന ഉറപ്പില്‍ ജീവിക്കാനും അവര്‍ക്ക് സാധിക്കേണ്ടതുണ്ടെന്നും തന്റെ സന്ദേശത്തില്‍ അനുസ്മരിച്ച പാപ്പാ അതുകൊണ്ടുതന്നെ അവര്‍ക്കുവേണ്ടി ദൈവസഹായം തേടേണ്ടതിന്റെ ആവശ്യം എടുത്തുപറയുന്നുണ്ട്.
ഒരു സമൂഹമെന്ന നിലയില്‍ തങ്ങളുടെ വൈദികരുടെ സംരക്ഷണം ഏറ്റെടുക്കുകയും വിധിക്കുന്നതിന് പകരം അവരെ ശ്രവിക്കുകയും അവരില്‍ പൂര്‍ണ്ണത പ്രതീക്ഷിക്കാതെ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറയുകയും ജ്ഞാനസ്‌നാനത്തിലൂടെ തങ്ങള്‍ക്ക് ലഭിച്ച നിയോഗം അവര്‍ക്കൊപ്പം പങ്കിടുന്നതിനും പ്രവൃത്തികളിലൂടെയും വാക്കുകളിലൂടെയും ദൈവരാജ്യം അറിയിക്കുന്നതിനും വൈദികരെ തങ്ങളുടെ സാന്നിദ്ധ്യവും ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും കൊണ്ടും പിന്തുണയ്ക്കുന്നതിനും ഉള്ള ദൈവജനത്തിന്റെ ഉത്തരവാദിത്വം പരാമര്‍ശിച്ചുകൊണ്ട് അതിനായി കഴിവുനേടാന്‍ ദൈവം സഹായിക്കട്ടെയെന്ന് ജനങ്ങള്‍ക്കൊപ്പവും ജനങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നുണ്ട്. തങ്ങളെ പലപ്പോഴും പിന്തുണയ്ക്കുന്ന വൈദികരെ പിന്തുണയ്ക്കാനുള്ള വിശ്വാസികളുടെ ഉത്തരവാദിത്വത്തിലേക്കും പാപ്പാ വിരല്‍ ചൂണ്ടുന്നുണ്ട്.
സുവിശേഷത്തിന്റെ ആനന്ദം വൈദികരില്‍ പുനരുജ്ജീവിപ്പിക്കാനും ആരോഗ്യകരമായ സൗഹൃദങ്ങളും സഹോദര്യപൂര്‍ണ്ണമായ പിന്തുണ നല്‍കുന്ന ആളുകളുടെ കൂട്ടായ്മയും പ്രതീക്ഷകള്‍ക്ക് വിപരീതമായി കാര്യങ്ങള്‍ പോകുമ്പോള്‍ ഒരല്പം സരസമായി അവയെ കൈകാര്യം ചെയ്യാനുള്ള കഴിവും തങ്ങളുടെ വിളിയുടെ ഭംഗി വീണ്ടും കണ്ടെത്തുന്നതിനുള്ള കൃപയും അവര്‍ക്ക് നല്‍കാന്‍ പരിശുദ്ധാത്മാവിന്റെ സഹായവും പാപ്പാ വൈദികര്‍ക്കുവേണ്ടി അഭ്യര്‍ത്ഥിച്ചു.
ആത്മാവിന്റെ ശക്തിയിലുള്ള വിശ്വാസം വൈദികരില്‍ നഷ്ടപ്പെടാതിരിക്കാനും എളിമയോടെയും ഉദാരമനസ്‌കതയോടെയും ദൈവത്തിന്റെ സഭയെ ശുശ്രൂഷിക്കാനും ഉള്ള കഴിവിനുവേണ്ടിയും പാപ്പാ പ്രാര്‍ത്ഥിച്ചു.