ലിയോ പതിനാലാമൻ പാപ്പായും ബോസ്നിയ എർസഗോവ്ന മന്ത്രിസഭാ ചെയർമാൻ ക്രിസ്റ്റോയും കൂടിക്കാഴ്ച നടത്തി
ലിയോ പതിനാലാമൻ പാപ്പാ ബോസ്നിയ എർസഗോവ്ന മന്ത്രിസഭാ ചെയർമാൻ ബോർജാന ക്രിസ്റ്റോയ്ക്ക് കൂടിക്കാഴ്ച അനുവദിച്ചു. മാർച്ച് 26-ന് വത്തിക്കാനിലെ അപ്പസ്തോലികകൊട്ടാരത്തിൽ നടന്ന ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം, വത്തിക്കാനും വിദേശരാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള വിഭാഗം തലവൻ ആർച്ച്ബിഷപ് ഗാല്ലഗറുമായും ശ്രീമതി ക്രിസ്റ്റോ കൂടിക്കാഴ്ച നടത്തി.
പരിശുദ്ധ പിതാവ്, ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ എന്നിവരുമൊത്ത് നടന്ന ചർച്ചകളിൽ പരിശുദ്ധ സിംഹാസനവും ബോസ്നിയ എർസഗോവ്നയും തമ്മിൽ നിലനിൽക്കുന്ന നല്ല ഉഭയകക്ഷിബന്ധം പരാമർശിക്കപ്പെട്ടു.
രാജ്യത്തെ പ്രാദേശിക കത്തോലിക്കാസഭ അവിടെയുള്ള പൊതുസമൂഹത്തിന്റെ വളർച്ചയ്ക്കായി നൽകിവരുന്ന സംഭാവനകൾ ചർച്ചകളിൽ പ്രത്യേകമായി പരാമർശിക്കപ്പെട്ടുവെന്ന്, ഇതേ ദിവസം വത്തിക്കാൻ പ്രെസ് ഓഫീസ് പുറത്തുവിട്ട ഒരു പത്രക്കുറിപ്പ് വ്യക്തമാക്കി.
അതേസമയം, രാജ്യത്തെ കത്തോലിക്കാ സമൂഹത്തിന്റെ നിലവിലെ സ്ഥിഗതികളും, സഭയും രാജ്യവും തമ്മിലുള്ള ബന്ധം സംബന്ധിച്ച ചില തുറന്ന ചോദ്യങ്ങളും ചർച്ചകളിൽ സ്ഥാനം പിടിച്ചു.
പടിഞ്ഞാറൻ ബാൽക്കൻ പ്രദേശത്തുള്ള രാജ്യങ്ങളിലേക്ക് യൂറോപ്യൻ യൂണിയൻ വിപുലമാക്കുന്നത് സംബന്ധിച്ച ചിന്തകളും, ഇരുനേതൃത്വങ്ങളും പരസ്പരം കൈമാറി. 2023 ജനുവരി 25 മുതലാണ് രാജ്യത്തെ മന്ത്രിസഭാ ചെയർമാൻ സ്ഥാനത്തേക്ക് ശ്രീമതി ക്രിസ്റ്റോ നിയമിക്കപ്പെട്ടത്.
2007 ഫെബ്രുവരി മുതൽ 2011 മാർച്ച് വരെ ബോസ്നിയ എർസഗോവ്നയുടെ പ്രസിഡന്റായും ബോർജാന ക്രിസ്റ്റോ സേവനമനുഷ്ഠിച്ചിട്ടുണ്ട്.