സ്വിറ്റ്സർലൻഡ് പ്രസിഡന്റിന് വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച് ലിയോ പതിനാലാമൻ പാപ്പാ

 
Leo papa

പരിശുദ്ധ സിംഹാസനവും സ്വിറ്റസർലണ്ടും തമ്മിലുള്ള മെച്ചപ്പെട്ട ഉഭയകക്ഷിബന്ധത്തിൽ സന്തോഷം പ്രകടിപ്പിച്ചും, പരിശുദ്ധ പിതാവിന്റെ സംരക്ഷണചുമതലയുള്ള പൊന്തഫിക്കൽ സ്വിസ്സ് ഗാർഡുകളുടെ  വിശ്വസ്തതാപൂർവ്വമായ സേവനത്തെ പരാമർശിച്ചും ലിയോ പതിനാലാമൻ പാപ്പായും സ്വിസ്സ് കോൺഫെഡറേഷൻ പ്രസിഡന്റ് ഗുയ് പാർമലിനും. വത്തിക്കാൻ പ്രെസ് ഓഫീസാണ് മെയ് ആറാം തീയതി ഇരു രാഷ്ട്രനേതൃത്വങ്ങളും തമ്മിൽ വത്തിക്കാനിൽ വച്ചുനടന്ന സമ്മേളനത്തെക്കുറിച്ച് ഒരു പത്രക്കുറിപ്പിലൂടെ പ്രസ്താവന നടത്തിയത്.

വത്തിക്കാനിലെ സ്റ്റേറ്റ് സെക്രെട്ടറിയേറ്റ് സമുച്ചയത്തിലെ അപ്പസ്തോലിക കൊട്ടാരത്തിൽ വച്ച് പരിശുദ്ധ പിതാവുമൊത്ത് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ, വത്തിക്കാനും വിദേശരാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള വിഭാഗം തലവൻ ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ എന്നിവരുമായും പ്രസിഡന്റ് ഗുയ് പാർമലിൻ കണ്ടുമുട്ടി.

അന്താരാഷ്ട്ര, പ്രാദേശിക പ്രാധാന്യമുള്ള മറ്റു പല കാര്യങ്ങളും ഇരു രാഷ്ട്രനേതൃത്വങ്ങളും തമ്മിലുണ്ടായ കൂടിക്കാഴ്ചകളിൽ ഇടം പിടിച്ചുവെന്ന് വത്തിക്കാൻ വ്യക്താമാക്കി. ഉക്രൈനിലേയും മദ്ധ്യപൂർവ്വദേശങ്ങളിലെയും സംഘർഷങ്ങൾ പ്രത്യേകമായി ചർച്ച ചെയ്യപ്പെട്ടുവെന്ന് വിശദീകരിച്ച പരിശുദ്ധ സിംഹാസനം, സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി വിവിധ രാഷ്ട്രങ്ങളുമായി സഹകരിച്ച പ്രവർത്തിക്കാനുള്ള താത്പര്യവും ചർച്ചകളിൽ പരാമർശിക്കപ്പെട്ടതായും അറിയിച്ചു.

പതിവുപോലെ, വത്തിക്കാനിൽ പരിശുദ്ധ പിതാവിന്റെ സംരക്ഷണച്ചുമതലയുള്ള സ്വിസ്സ് ഗാർഡുകളുടെ വാർഷിക പ്രതിജ്ഞാച്ചടങ്ങുകൾ മെയ് 6 ബുധനാഴ്ച വൈകുന്നേരം നടക്കാനിരിക്കെയാണ് പരിശുദ്ധ പിതാവും സ്വിസ്സ് പ്രസിഡന്റുമായി ഇത്തരമൊരു കൂടിക്കാഴ്ച നടന്നത്.

Tags

Share this story

From Around the Web