പിതൃസഹജമായ വാത്സല്യത്തോടെ മെത്രാന്മാര്‍ക്ക് ഉപദേശങ്ങള്‍ നല്‍കി ലിയോ പതിനാലാമന്‍ പാപ്പാ

വത്തിക്കാന്‍:വത്തിക്കാനിലെ സിനഡല്‍ ശാലയില്‍ സമ്മേളിച്ച കത്തോലിക്കാസഭയിലെ നവാഭിഷിക്തരായ മെത്രാന്മാരുമായി ലിയോ പതിനാലാമന്‍ പാപ്പാ കൂടിക്കാഴ്ച്ച നടത്തുകയും, അവര്‍ക്ക് സന്ദേശം നല്‍കുകയും ചെയ്തു.
തുടര്‍ന്ന്, സഭയിലും സമൂഹത്തിലും നിലനില്‍ക്കുന്ന വിവിധ വിഷയങ്ങളിന്മേല്‍, മെത്രാന്മാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പാപ്പാ മറുപടി നല്‍കി. ഇതേക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍, പ്രസ്താവനയിലൂടെ വത്തിക്കാന്‍ വാര്‍ത്താ കാര്യാലയമാണ് പ്രസിദ്ധീകരിച്ചത്.
മെത്രാന്മാര്‍ കര്‍ത്താവിനോട് അടുത്ത് നില്‍ക്കേണ്ടതിന്റെയും, പ്രാര്‍ത്ഥനയ്ക്കായി സമയം മാറ്റിവയ്ക്കേണ്ടതിന്റെയും ആവശ്യകത പാപ്പാ ഓര്‍മ്മപ്പെടുത്തി. വിളിയുടെ ഉറവിടമായ പരിശുദ്ധാത്മാവില്‍ നിരുപാധികമായ വിശ്വാസത്തോടെ ജീവിക്കേണ്ടതിന്റെയും ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
പ്രാദേശിക സഭയിലെ അജപാലനത്തിന്റെയും മാനുഷിക അനുഭവത്തിന്റെയും മൂല്യം സഭയുടെ സാര്‍വത്രികതയുമായി ബന്ധപ്പെടുത്തുന്ന ഒരു പുതിയ ശുശ്രൂഷയില്‍ വികസിപ്പിക്കണമെന്നും പാപ്പാ പിതൃതുല്യം ഓര്‍മ്മപ്പെടുത്തി.
ഇന്നത്തെ അജപാലന ശുശ്രൂഷയില്‍, 25 വര്‍ഷം മുമ്പ് സെമിനാരിയില്‍ പഠിച്ച റെഡിമെയ്ഡ് ഉത്തരങ്ങള്‍ പര്യാപ്തമാവുകയില്ല എന്നും, മറിച്ച് ചോദ്യങ്ങളെ നേരിടുവാന്‍ എപ്പോഴും സജ്ജമായിരിക്കണമെന്നും എടുത്തുപറഞ്ഞു.
പുതിയ മെത്രാന്മാര്‍ സ്ഥിരോത്സാഹമുള്ള ശിഷ്യന്മാരായിരിക്കണമെന്നും, ആദ്യ ബുദ്ധിമുട്ടില്‍ ഭയപ്പെടരുതെന്നും, ജനങ്ങളോടും വൈദികരോടും അടുപ്പമുള്ള കരുണയുടെ വക്താക്കള്‍ ആയിരിക്കണമെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി.
സഭയുടെ ശൈലി എന്നത്, മറ്റുള്ളവരെ ശ്രവിക്കുവാനും, സംയുക്തമായി കാര്യങ്ങളെ നേരിടുവാനും, പാലം പണിയുവാനും ഉള്ളതാണെന്നും, ഈ യാത്രയില്‍ എല്ലാവരെയും യോജിപ്പിച്ചു നിര്‍ത്തി മുന്‍പോട്ടു പോകുവാനും ആഹ്വാനം ചെയ്ത പാപ്പാ, പുരോഹിതരുടെ അനുചിതമായ പെരുമാറ്റത്തെക്കുറിച്ചുള്ള പ്രശ്‌നങ്ങള്‍ ഉടനടി പരിഹരിക്കാനും ആവശ്യപ്പെട്ടു.
തുടര്‍ന്ന്, സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ പാലിക്കേണ്ടുന്ന മര്യാദകളെ കുറിച്ചും, വിവേകത്തെക്കുറിച്ചും പാപ്പാ സംസാരിച്ചു. എല്ലാവര്‍ക്കും തങ്ങള്‍ക്ക് ഇഷ്ടമുള്ളത് പറയാന്‍ അര്‍ഹതയുണ്ടെന്ന് തോന്നുന്ന സാഹചര്യങ്ങള്‍ ഉണ്ടെങ്കിലും, ഇവിടെ സത്യം കൈമാറുക എന്നതാണ് ഏറെ പ്രധാനപ്പെട്ടതെന്നു പാപ്പാ പറഞ്ഞു.
മെത്രാന്മാര്‍ സ്വന്തം കഴിവുകളും പരിമിതികളും തിരിച്ചറിയണമെന്നും, മറ്റുള്ളവരുടെ സഹായം തേടേണ്ടതുണ്ടെങ്കില്‍, അതിന് തയ്യാറാവണമെന്നും, വിരമിച്ച മെത്രാന്മാരുടെ ഉപദേശങ്ങള്‍ തേടുന്നത് മാതൃകാപരമാണെന്നും പാപ്പാ പറഞ്ഞു. സ്വയം ഒറ്റപ്പെടാനുള്ള പ്രലോഭനത്തിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ക്രിസ്ത്യാനികള്‍ ന്യൂനപക്ഷമായിരിക്കുന്നിടത്ത് പോലും, മറ്റ് മതപാരമ്പര്യങ്ങളിലുള്ള ആളുകളോട് യഥാര്‍ത്ഥ ബഹുമാനത്തോടെ, പ്രത്യേകിച്ച് യഥാര്‍ത്ഥ ക്രിസ്തീയ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സാക്ഷ്യത്തിലൂടെ, പാലങ്ങള്‍ പണിയുകയും സംഭാഷണം തേടുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ലിയോ പതിനാലാമന്‍ പാപ്പാ എടുത്തു പറഞ്ഞു.
തുടര്‍ന്ന് സെമിനാരി പരിശീലനത്തിന്റെ പ്രാധാന്യവും, അതില്‍ മെത്രാന്മാര്‍ കാണിക്കേണ്ടുന്ന താത്പര്യത്തെക്കുറിച്ചും പാപ്പാ സംസാരിച്ചു. മൈനര്‍ സെമിനാരി രൂപീകരണം ഏറെ ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കണമെന്നും, വരുന്നവരെ സ്വീകരിക്കുവാനും , ദൈവവിളികളെ സ്വാഗതം ചെയ്യാനും, സുവിശേഷത്തിന്റെയും ക്രിസ്തീയ, മിഷനറി ജീവിതത്തിന്റെയും വിവിധ മാനങ്ങള്‍ കണ്ടെത്തുന്നതില്‍ ഓരോ വ്യക്തിയെയും അനുഗമിക്കാനും മെത്രാന്മാരെ പാപ്പാ ആഹ്വാനം ചെയ്തു.
പാരിസ്ഥിതിക പ്രതിസന്ധികളുടെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്, ഇത്തരം കാര്യങ്ങളില്‍ ഫ്രാന്‍സിസ് പാപ്പായുടെ ചാക്രികലേഖനമായ 'ലൗദാത്തോ സി' വളരെയധികം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും, ഈ സംരംഭങ്ങളില്‍ സഭയുടെ സാന്നിധ്യം എപ്പോഴും ഉണ്ടാകുമെന്നു ഉറപ്പു നല്‍കുകയും ചെയ്തു.