ലെയോ പാപ്പ ഇന്ന് നവവൈദികരുടെ പാദങ്ങൾ കഴുകും
വത്തിക്കാന്‍ സിറ്റി: വിനയത്തിന്റെ മാതൃക ലോകത്തിന് നല്‍കികൊണ്ട് ഈശോ ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്റെ സ്മരണയില്‍ ലെയോ പാപ്പ ഇന്നു പെസഹ വ്യാഴാഴ്ച നവവൈദികരുടെ കാല്‍ കഴുകും.
"കൊയ്‌ന ഡൊമിനി" അഥവാ തിരുവത്താഴ ബലിയര്‍പ്പണത്തിനോട് അനുബന്ധിച്ചാണ് ലെയോ പാപ്പ പന്ത്രണ്ട് വൈദികരുടെ പാദങ്ങൾ കഴുകുക.
ഇതില്‍ പതിനൊന്ന് പേര്‍ കഴിഞ്ഞ വർഷം മെയ് 31നു വത്തിക്കാനിലെ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽവെച്ച് ലെയോ പാപ്പയില്‍ നിന്നു തിരുപ്പട്ടം സ്വീകരിച്ചവരാണ്.
വത്തിക്കാന്‍ നഗരത്തിനു പുറത്ത്, 7 കിലോമീറ്ററോളം അകലെയായി സ്ഥിതി ചെയ്യുന്ന പാപ്പ മെത്രാനായുള്ള റോം രൂപതയുടെ കത്തീഡ്രല്‍ ദേവാലയത്തിലാണ് ശുശ്രൂഷ നടക്കുക.
റോം സമയം വൈകീട്ട് 05.30നു (ഇന്ത്യന്‍ സമയം ഇന്ന് രാത്രി 9 മണിക്ക്) ശുശ്രൂഷകള്‍ ആരംഭിക്കും. തിരുക്കര്‍മ്മങ്ങളുടെ തത്സമയ സംപ്രേക്ഷണം വത്തിക്കാന്‍ മീഡിയയുടെ യൂട്യൂബ് ചാനലും നവമാധ്യമങ്ങളിലും ലഭ്യമാക്കുന്നുണ്ട്.
ഫാ. ആൻഡ്രിയ അലസ്സി, ഫാ. ഗബ്രിയേൽ ഡി മെനോ ഡി ബുക്കിയാനിക്കോ, ഫാ. ഫ്രാൻസെസ്കോ മെലോൺ, ഫാ. ക്ലോഡി മെർഫലൻ, ഫാ. ഫെഡറിക്കോ പെലോസിയോ, ഫാ. മാർക്കോ പെട്രോളോ, ഫാ. പിയട്രോ ഹ്യൂഎ , ഫാ. മാറ്റിയോ റെൻസി, ഫാ. ഗ്യൂസെപ്പെ ടെറനോവ, ഫാ. സൈമൺ ട്രൈലോ, ഫാ. എൻറിക്കോ മരിയ ട്രൂസിയാനി എന്നീ പതിനൊന്നു നവവൈദികരുടെയും പൊന്തിഫിക്കൽ റോമൻ മേജർ സെമിനാരിയുടെ ആത്മീയ ഡയറക്ടറായ ഫാ. റെൻസോ ചീസയുടെയും കാല്‍ കഴുകല്‍ ശുശ്രൂഷയ്ക്കാണ് ലെയോ പാപ്പ നിര്‍വ്വഹിക്കുക.