അഗസ്റ്റീനിയന്‍ സമൂഹത്തിന് കീഴിലുള്ള ഇടവകയില്‍ ലെയോ പാപ്പ നാളെ ദിവ്യബലി അര്‍പ്പിക്കും

 
LEO



വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍, വിശുദ്ധ അന്നയുടെ നാമത്തിലുള്ള ഇടവക ദേവാലയത്തില്‍ നാളെ ലെയോ പതിനാലാമന്‍ പാപ്പ ദിവ്യബലി അര്‍പ്പിക്കും. നാളെ സെപ്റ്റംബര്‍ 21 ഞായറാഴ്ച പ്രാദേശിക സമയം പത്തുമണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ന്, വിശുദ്ധ കുര്‍ബാന നടക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. അതിപുരാതനമായ വിശുദ്ധ അന്നയുടെ ദേവാലയത്തിന്റെ ചുമതല ലെയോ പാപ്പ അംഗമായ അഗസ്റ്റീനിയന്‍ സമൂഹത്തിനാണ്.

1583-ല്‍ ആശീര്‍വ്വദിക്കപ്പെട്ടതെങ്കിലും 1775-ലാണ് ദേവാലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. 1929-ലാണ് ഈ ദേവാലയം അഗസ്റ്റീനിയന്‍ സമൂഹത്തിന് ഭരമേല്പിക്കപ്പെട്ടത്. കര്‍ദ്ദിനാള്‍ പ്രെവോസ്റ്റ്, (ഇന്ന് ലെയോ പാപ്പ) മാര്‍പാപ്പയാകുന്നതിനു മുമ്പ്, കഴിഞ്ഞ വര്‍ഷം ജൂലൈ 26-ന്, വിശുദ്ധരായ ജോവാക്കിമിന്റെയും അന്നയുടെയും തിരുനാളിനോടനുബന്ധിച്ച്, ഈ ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ചിട്ടുണ്ട്.

1929 മെയ് 30നു പീയൂസ് പതിനൊന്നാമന്‍ പാപ്പയാണ് ദേവാലയം ഒരു ഇടവകയാക്കുകയും അഗസ്റ്റീനിയന്‍ സമൂഹത്തിന് ഭരമേല്‍പ്പിക്കുകയും ചെയ്തത്. പതിനൊന്നാം പീയൂസ് പാപ്പായ്ക്കു ശേഷം ജോണ്‍ ഇരുപത്തിമൂന്നാമന്‍, വിശുദ്ധ പോള്‍ ആറാമന്‍, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍, ബെനഡിക്ട് പതിനാറാമന്‍, ഫ്രാന്‍സിസ് പാപ്പ എന്നീ മാര്‍പാപ്പന്മാരും ഈ ദേവാലയം സന്ദര്‍ശിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web