കൊളോസിയത്തിലെ 'കുരിശിന്റെ വഴി'യില്‍ ലെയോ പാപ്പ മുഴുവന്‍ സമയവും കുരിശ് വഹിക്കും
റോം: ദുഃഖവെള്ളിയാഴ്ച റോമിലെ കൊളോസിയത്തില്‍ നടക്കുന്ന കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങളിലും ലെയോ പതിനാലാമന്‍ പാപ്പ കുരിശ് വഹിക്കും.
മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ലെയോ പാപ്പയുടെ പ്രഥമ ദുഃഖവെള്ളിയാചരണമാണിത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ആരംഭിച്ച പാരമ്പര്യത്തില്‍ ഒരു മാര്‍പാപ്പ കുരിശിന്റെ വഴിയില്‍ ഉടനീളം കുരിശ് വഹിക്കുന്നത് ഇതാദ്യമായിട്ടാണ്.
70 വയസ്സുള്ള ലെയോ പാപ്പയുടെ മുന്‍ഗാമികളായ ബെനഡിക്ട് പതിനാറാമനും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയും കൊളോസിയത്തിലെ കുരിശിന്റെ വഴിയുടെ ആരംഭത്തിലും സമാപനത്തിലും മാത്രമാണ് കുരിശ് വഹിച്ചിരിന്നത്.
ഫ്രാന്‍സിസ് പാപ്പ അനാരോഗ്യം കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍ കുരിശിന്റെ വഴിയില്‍ പങ്കെടുത്തിരിന്നില്ല.
1756-ല്‍, ക്രിസ്തുവിന്റെ പീഡാനുഭവത്തെയും ആദ്യകാല ക്രിസ്തീയ രക്തസാക്ഷികളെയും ആദരിക്കുന്നതിനായി ബെനഡിക്ട് പതിനാലാമന്‍ മാര്‍പാപ്പയാണ് കൊളോസിയത്തെ പ്രത്യേകം സമര്‍പ്പിച്ചത്. ഏകദേശം 100 വര്‍ഷക്കാലം, ഇവിടെ കുരിശിന്റെ വഴി ചൊല്ലി പ്രാര്‍ത്ഥിച്ചിരിന്നു. പിന്നീട്, താത്ക്കാലികമായി നിര്‍ത്തി.
വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയാണ് പാരമ്പര്യം പുനരുജ്ജീവിപ്പിച്ചത്. ഇതിന് ശേഷം വിശുദ്ധ പോള്‍ ആറാമന്‍ പാപ്പ റോമില്‍ ദുഃഖ വെള്ളിയാഴ്ചയോട് അനുബന്ധിച്ചുള്ള പതിവ് ശുശ്രൂഷയാക്കി ഇതിനെ മാറ്റുകയായിരിന്നു.
1985-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ദുഃഖവെള്ളിയാഴ്ച റോമില്‍ നടക്കുന്ന കുരിശിന്റെ വഴിയിലെ വിചിന്തനം എഴുതുന്നത് വ്യത്യസ്ത വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും കൈമാറുന്ന പാരമ്പര്യം ആരംഭിച്ചു.
2016 മുതല്‍ 2025 വരെ വിശുദ്ധ നാടിന്റെ സംരക്ഷണ ചുമതലയുണ്ടായിരിന്ന ഫ്രാന്‍സിസ്‌കന്‍ വൈദികന്‍ ഫാ. ഫ്രാന്‍സെസ്‌കോ പാറ്റനാണ് ഇത്തവണത്തെ കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങളിലെയും ധ്യാനചിന്തകള്‍ തയാറാക്കിയിരിക്കുന്നത്.
മധ്യപൂര്‍വദേശത്തെ ജനങ്ങളുടെ കഷ്ടപ്പാടുകളും സംഘര്‍ഷവും അസ്ഥിരതയും നിറഞ്ഞ കാലഘട്ടത്തിലാണ് ഫാ. ഫ്രാന്‍സെസ്‌കോയ്ക്കു ദുഃഖവെള്ളിയാഴ്ചയിലെ ആത്മീയ ശുശ്രൂഷയ്ക്കു വിചിന്തനം തയാറാക്കുവാന്‍ പാപ്പ അവസരം കൈമാറിയിരിക്കുന്നത്.
മാര്‍പാപ്പയുടെ നേതൃത്വത്തില്‍ കൊളോസിയത്തില്‍ നടക്കുന്ന കുരിശിന്റെ വഴി പ്രാര്‍ത്ഥനയില്‍ നൂറുകണക്കിനാളുകളാണ് ഓരോ വര്‍ഷവും പങ്കുചേരുന്നത്.
ലക്ഷ കണക്കിന് ആളുകള്‍ ടെലിവിഷനിലൂടെയും യൂട്യൂബിലൂടെയും തത്സമയം പങ്കുചേരുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.