അസര്‍ബൈജാന്‍ അര്‍മേനിയ സമാധാനക്കരാറിനെ സ്വാഗതം ചെയ്ത് ലെയോ പാപ്പ

വാഷിംഗ്ടണ്‍ ഡിസി: അസര്‍ബൈജാനും അര്‍മേനിയയും തമ്മില്‍ പതിറ്റാണ്ടുകള്‍ നീണ്ട സംഘര്‍ഷത്തിന് അവസാനം കുറിച്ച് സമാധാനക്കരാര്‍ ഒപ്പുവച്ച നടപടിയെ സ്വാഗതം ചെയ്ത് ലെയോ പതിനാലാമന്‍ പാപ്പ.
കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ അര്‍മേനിയ പ്രധാനമന്ത്രി നീക്കോള്‍ പഷിന്‍യാനും അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവും തമ്മില്‍ വൈറ്റ് ഹൗസിലാണു ഒപ്പുവച്ചത്.
സംയുക്ത സമാധാന പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചതിന് അര്‍മേനിയയെയും അസര്‍ബൈജാനെയും അഭിനന്ദിക്കുകയാണെന്ന് ലെയോ പാപ്പ പറഞ്ഞു. ശാശ്വത സമാധാനം സ്ഥാപിക്കാന്‍ ഇത് സഹായിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
യുദ്ധങ്ങള്‍ അവസാനിക്കുന്നതിനായി നമുക്ക് തുടര്‍ന്നും പ്രാര്‍ത്ഥിക്കാമെന്നും പാപ്പ പറഞ്ഞു. സമാധാന കരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവെച്ച ട്രംപിന്റെ കീഴിലുള്ള ഭരണകൂടത്തിന് ലോക നേതാക്കളില്‍ നിന്നു അഭിനന്ദന പ്രവാഹമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.
1915-നും 1923-നുമിടയില്‍ ഓട്ടോമന്‍ തുര്‍ക്കി സാമ്രാജ്യം അര്‍മേനിയക്കാര്‍ക്കെതിരെ നടത്തിയ വംശഹത്യയില്‍ 15 ലക്ഷത്തോളം അര്‍മേനിയക്കാര്‍ കൊല്ലപ്പെട്ടിരിന്നു. അസര്‍ബൈജാന്‍ നടത്തിയ ആക്രമണത്തില്‍ അര്‍മേനിയക്കാര്‍ സമാനമായ സാഹചര്യം നേരിട്ടിരിന്നു.
മൂന്നുപതിറ്റാണ്ടായി വിഘടനവാദികളുടെ ഭരണത്തിനു കീഴിലായിരുന്ന പ്രദേശം രണ്ടു വര്‍ഷം മുന്‍പ് ഇസ്ലാമിക രാജ്യമായ അസര്‍ബൈജാന്റെ സൈന്യം കീഴടക്കിയിരിന്നു.
ഇതേ തുടര്‍ന്നുണ്ടായ നാഗോര്‍ണോ കാരബാഖ് മേഖലയില്‍ നിന്നുള്ള അര്‍മേനിയന്‍ ക്രൈസ്തവരുടെ പലായനത്തെ 'വംശീയ ഉന്മൂലനം' എന്നാണ് വിശേഷിപ്പിച്ചിരിന്നത്. മുപ്പതു വര്‍ഷം യുദ്ധം നടന്നതും പതിനായിരങ്ങള്‍ ചോര ചിന്തിയതും ഈ മേഖലയ്ക്ക് വേണ്ടിയായിരിന്നു.