കാമറൂണിലെ സെന്റ് പോൾ കാത്തലിക് ആശുപത്രിയിൽ സന്ദർശനം നടത്തി ലെയോ മാർപാപ്പ
കാമറൂണിലെ അപ്പസ്തോലിക യാത്രയുടെ ഭാഗമായി ഡൗവാലയിലെ സെന്റ് പോൾ കാത്തലിക് ആശുപത്രിയിൽ സ്വകാര്യ സന്ദർശനം നടത്തി ലെയോ പതിനാലാമൻ മാർപാപ്പ.
ഡൗവാലയിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷമായിരുന്നു മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള പാപ്പയുടെ ഈ സന്ദർശനം.
ആശുപത്രി ചാപ്പലിൽ ധ്യാനത്തിൽ മുഴുകിയ പരിശുദ്ധ പിതാവ്, തുടർന്ന് ആശുപത്രി മുറ്റത്ത് തടിച്ചുകൂടിയ രോഗികളുമായും ജീവനക്കാരുമായും സമയം ചെലവഴിക്കുകയും അവർക്ക് ആശംസകൾ നേരുകയും ചെയ്തു.
മാർപാപ്പയുടെ സാന്നിധ്യം രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതത്തിൽ വലിയ ആശ്വാസമായി. അവിടെ സന്നിഹിതരായവർക്കും അവരുടെ പ്രിയപ്പെട്ടവർക്കും പാപ്പ പ്രത്യേക അനുഗ്രഹം നൽകി.
‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർഥനയ്ക്ക് ശേഷം, വാർഡുകളിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ, പ്രത്യേകിച്ച് കുട്ടികളെയും പ്രായമായവരെയും നേരിൽ കണ്ട് സംസാരിക്കുകയും അവർക്കായി പ്രാർഥിക്കുകയും ചെയ്തു.