ജൂബിലിയ്ക്കു എത്തിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവിനെ സന്ദര്‍ശിച്ച് ലെയോ പാപ്പ

 
papa


വത്തിക്കാന്‍ സിറ്റി: യുവജന ജൂബിലിയ്‌ക്കെത്തിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവിനെ സന്ദര്‍ശിച്ച് ലെയോ പതിനാലാമന്‍ പാപ്പ. 


ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്‌പെയിന്‍ സ്വദേശിയായ ഇഗ്‌നാസിയൊ ഗൊണ്‍സാലെസിനെ കാണാനാണ് പാപ്പ റോമിലെ ആശുപത്രിയിലേക്ക് അപ്രതീക്ഷിതമായി എത്തിയത്. 


യുവജന ജൂബിലി സമാപിച്ചതിന്റെ പിറ്റേന്ന്, തിങ്കളാഴ്ച വൈകുന്നേരമാണ് ലെയോ പതിനാലാമന്‍ പാപ്പ വത്തിക്കാന്‍ അടുത്ത്, വത്തിക്കാന്റെ മേല്‍നോട്ടത്തിലുള്ള, ഉണ്ണിയേശുവിന്റെ നാമത്തിലുള്ള 'ബംബീനൊ ജെസു' ആശുപത്രിയില്‍ എത്തിയത്.

ഇഗ്‌നാസിയൊ ഗോണ്‍സാലെസും കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്ത പാപ്പ ആശുപത്രിയിലെ അര്‍ബുദരോഗ ചികിത്സയില്‍ കഴിയുന്ന കുഞ്ഞുങ്ങളുടെ അടുത്തു ചെന്നു അവരെയും അവരുടെ ബന്ധുക്കളെയും സാന്ത്വനിപ്പിക്കുകയും ചെയ്തു. ആശുപത്രി ജീവനക്കാരെയും പാപ്പ അഭിവാദ്യം ചെയ്തു. 

എല്ലാവരുമൊത്ത് 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥന ചൊല്ലുകയും ആശീര്‍വ്വാദം നല്കുകയും ചെയ്തതിനു ശേഷമാണ് പാപ്പ ആശുപത്രിയില്‍ നിന്നു മടങ്ങിയത്. 


യുവജന ജൂബിലിയില്‍ പങ്കെടുക്കാനെത്തി ആകസ്മികമായി മരണമടഞ്ഞ ഈജിപ്റ്റ് സ്വദേശിനി പതിനെട്ടുകാരിയായിരുന്ന പസ്‌കാലെയും സ്‌പെയിന്‍ സ്വദേശിനി ഇരുപതുവയസ്സുകാരിയായിരുന്ന മരിയ കോബൊ വെര്‍ഗാരയെയും പാപ്പ അനുസ്മരിച്ചിരിന്നു.

Tags

Share this story

From Around the Web