യുവജനങ്ങൾ വിശുദ്ധ കുർബാനയിൽ ക്രിസ്തുവിന്റെ സ്നേഹം കണ്ടെത്തണമെന്ന് ആഹ്വാനം ചെയ്ത് ലെയോ പാപ്പ
സ്പെയിനിലെ അസ്തൂറിയാസിലുള്ള കോവാഡോംഗ മരിയൻ തീർഥാടനകേന്ദ്രത്തിൽ ജൂലൈ 10 മുതൽ 12 വരെ നടന്ന മൂന്നാമത് മരിയൻ യൂക്കരിസ്റ്റിക് യുവജനസമ്മേളനത്തിൽ (JEMJ) രണ്ടായിരത്തോളം യുവാക്കൾ പങ്കെടുത്തു. സമ്മേളനത്തിന്റെ സമാപനദിവസമായ ജൂലൈ 12 ന് വിശുദ്ധ കുർബാനയ്ക്കു ശേഷം ഓവിയേഡോ അതിരൂപതയുടെ ആർച്ച്ബിഷപ്പ് മോൺസിഞ്ഞോർ ഹെസൂസ് സാൻസ് മോണ്ടെസ് ലെയോ പതിനാലാമൻ മാർപാപ്പയുടെ സന്ദേശം വായിച്ചു. സ്പെയിനിലെ അപ്പസ്തോലിക് നുൺഷ്യോ ആയ മോൺസിഞ്ഞോർ പിയെറോ പിയോപ്പോ വഴിയാണ് മാർപാപ്പ ഈ സന്ദേശം കൈമാറിയത്.
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ ഒപ്പുവച്ച ഈ സന്ദേശത്തിൽ പരിശുദ്ധ പിതാവ് ഇപ്രകാരം ആശംസിച്ചു: “‘അവൻ നിങ്ങളോട് പറയുന്നതുപോലെ ചെയ്യുവിൻ’ എന്ന ആപ്തവാക്യവുമായി, കോവാഡോംഗ മാതാവിന്റെ സംരക്ഷണത്തിൽ മൂന്നാമത് മരിയൻ യൂക്കരിസ്റ്റിക് യുവജനസമ്മേളനം ആഘോഷിക്കാൻ അസ്തൂറിയാസിന്റെ ഹൃദയഭാഗത്ത് ഒത്തുചേർന്ന എല്ലാ വൈദികരെയും സന്ന്യസ്തരെയും, പ്രത്യേകിച്ച് യുവജനങ്ങളെയും ഞാൻ സ്നേഹപൂർവം അഭിവാദ്യം ചെയ്യുന്നു. ക്രിസ്തുവിലുള്ള ഈ കൂട്ടായ്മയുടെയും ഒത്തുചേരലിന്റെയും ദിനങ്ങൾ, കോവാഡോംഗ മാതാവിന്റെ കൈപിടിച്ച്, വിശുദ്ധ കുർബാനയിലെ യേശുവിന്റെ യഥാർഥ സാന്നിധ്യത്തിൽ നിന്ന് പ്രസരിക്കുന്ന സ്നേഹം അനുഭവിക്കാൻ നിങ്ങളെ സഹായിക്കട്ടെ.”
കൂടാതെ, ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയിലൂടെയും പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥ്യത്തിലൂടെയും തങ്ങളുടെ ജീവിതം രൂപാന്തരപ്പെടുത്താനും പാപ്പ യുവജനങ്ങളെ പ്രോത്സാഹിപ്പിച്ചു.