സഹോദര്യതുല്യം പരസ്പരസ്നേഹത്തിൽ ജീവിക്കാൻ വയോധികരെ ആഹ്വാനം ചെയ്‌ത്‌ ലിയോ പാപ്പാ

 
Leo papa

അംഗോളയിലേക്കുള്ള അപ്പസ്തോലികസന്ദർശനത്തിന്റെ ഭാഗമായി, ഏപ്രിൽ ഇരുപതാം തീയതി തിങ്കളാഴ്ച രാവിലെ, സൗറിമോയിലുള്ള വയോധികമന്ദിരത്തിലെ അന്തേവാസികളെ കാണാനെത്തിയ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, "ഈ ഭവനത്തിനും ഇതിൽ വസിക്കുന്നവർക്കും സമാധാനം" എന്ന വാക്കുകളോടെയെയാണ് പോർച്ചുഗീസ് ഭാഷയിലുള്ള തന്റെ പ്രഭാഷണം ആരംഭിച്ചത്.

അറുപത്തിരണ്ട്‍ ആളുകൾ അധിവസിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഈ ഭവനത്തിൽ തനിക്ക് ലഭിച്ച "വിശ്വാസനിറവുള്ള സ്വാഗതത്തിൽ" താൻ അനുഭവിച്ച ആനന്ദം പാപ്പാ വ്യക്തമാക്കി. വീട് എന്നർത്ഥം വരുന്ന "ലാർ" എന്ന പേരിൽ വിളിക്കപ്പെടുന്ന ഈ ഭവനത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ, ഒരു ഗൃഹാന്തരീക്ഷത്തിൽ ജീവിക്കാൻ ഏവർക്കും സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

യേശുവും, തന്റെ സുഹൃത്തുക്കളുടെ വീടുകൾ സന്ദർശിക്കാനും ആർക്കൊപ്പം സമയം ചിലവഴിക്കാനും ഇഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അനുസ്മരിച്ച പാപ്പാ, പത്രോസിന്റെ അമ്മായിയമ്മയെ യേശു സന്ദർശിച്ചതും, മറിയത്തിന്റെയും മാർത്തയുടെയും ലാസറിന്റെയും കഫർണാമിലുള്ള ഭവനത്തിൽ അവൻ എത്തിയതും എടുത്തുപറഞ്ഞു.

ഈയൊരു ഭവനത്തിലെ താമസക്കാരായ നിങ്ങൾ, പരസ്പരം ക്ഷമിക്കുകയും ചെറിയ തെറ്റുകൾക്ക് ശേഷം അനുരഞ്ജനത്തിനായി ശ്രമിക്കുകയും ചെയ്യുമ്പോൾ, യേശു നിങ്ങൾക്കൊപ്പം വസിക്കുന്നുണ്ടെന്ന് പാപ്പാ പറഞ്ഞു. 

നിങ്ങൾ സഹോദരീസഹോദരങ്ങളെപോലെ പരസ്പരം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുമ്പോഴും, ഒരുമിച്ചും ഒറ്റയ്ക്കും എളിമയോടെയും ഹൃദയലളിത്യത്തിലും പ്രാർത്ഥിക്കുമ്പോഴും, അവൻ ഇവിടെ നിങ്ങൾക്കിടയിലുണ്ടെന്ന് പാപ്പാ വിശദീകരിച്ചു.

ലാർ കെയർ ഹോം പോലെയുള്ള സ്ഥാപനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ അംഗോളയിലെ രാഷ്ട്രനേതൃത്വത്തിന് പാപ്പാ നന്ദി പറഞ്ഞു. ഒരു ദേശത്തിന്റെ സാമൂഹ്യജീവിതത്തിന്റെ ഗുണമേന്മയാണ്, അതിലെ ഏറ്റവും ദുർബലരായവർക്ക് നൽകുന്ന സംരക്ഷണം വ്യക്തമാക്കുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു.

പ്രായമായവർക്ക് മറ്റുള്ളവരുടെ സഹായത്തിന്റെ ആവശ്യമുണ്ടെന്നതിനൊപ്പം, അവർ ശ്രവിക്കപ്പെടാൻ ആഗ്രഹിക്കുന്നുണ്ടെന്നും, അതേസമയം, അവർ ഒരു ജനതയുടെ ജ്ഞാനം കാത്തുസൂക്ഷിക്കുന്നവരാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ലാർ കെയർ ഹോമിലെ അന്തേവാസികൾക്കുവേണ്ടി പ്രാർത്ഥിച്ചും, അവരെ പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് സമർപ്പിച്ചുമാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

Tags

Share this story

From Around the Web