സമാധാനത്തിന്റെയും നീതിയുടെയും ദൂതന്മാരാകാൻ പൊന്തിഫിക്കൽ നയതന്ത്രജ്ഞരോട് ലെയോ മാർപാപ്പ
പൊന്തിഫിക്കൽ എക്ലേസിയാസ്റ്റിക്കൽ അക്കാദമിയുടെ 325-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ സന്ദർശനത്തിൽ സമാധാനത്തിന്റെയും സത്യത്തിന്റെയും നീതിയുടെയും വക്താക്കളാകാൻ വത്തിക്കാൻ നയതന്ത്രജ്ഞരോട് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ.
സഭയെ മാത്രമല്ല, മുഴുവൻ മാനവരാശിയെയും സേവിക്കാൻ വിളിക്കപ്പെട്ടവരാണ് നയതന്ത്രരംഗത്തെ വൈദികരെന്ന് ഓർമ്മിപ്പിച്ച പാപ്പ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദികർ തങ്ങളുടെ വിനീതമായ പരിശ്രമങ്ങളിലൂടെ പടുത്തുയർത്തുന്ന ഐക്യമാണ് വത്തിക്കാൻ നയതന്ത്രവിഭാഗത്തിന്റെ കരുത്തെന്ന് പറഞ്ഞു.
നിയമം, ചരിത്രം, സാമ്പത്തികശാസ്ത്രം എന്നിവയിലുള്ള പഠനത്തോടൊപ്പം തന്നെ എളിമയും സാഹോദര്യവും നിറഞ്ഞ ഒരു ജീവിതശൈലി നയതന്ത്രജ്ഞർ വളർത്തിയെടുക്കണം. നയതന്ത്രജ്ഞർ വെറും ഉദ്യോഗസ്ഥരല്ല, മറിച്ച് സ്വർഗീയകൃപയെ ചരിത്രത്തിന്റെ ഏടുകളിലേക്കെത്തിക്കുന്ന ‘പാലങ്ങളും ചാനലുകളും’ ആയി മാറണമെന്നും പാപ്പ ഓർമ്മിപ്പിച്ചു.
തർക്കങ്ങൾ നിലനിൽക്കുന്ന ഇന്നത്തെ ലോകത്ത് ദൈവത്തിന്റെ പ്രതിച്ഛായ ഓരോ മനുഷ്യനിലും കണ്ടെത്താനും നീതിയും മനുഷ്യാന്തസ്സും സംരക്ഷിക്കാനും നയതന്ത്രജ്ഞർക്ക് കടമയുണ്ടെന്നും പാപ്പ വ്യക്തമാക്കി.