വ്യത്യസ്ത അഭിപ്രായമുള്ളവരോട് ബഹുമാനവും സ്‌നേഹവും പുലര്‍ത്താന്‍ ആഹ്വാനം ചെയ്ത് ലെയോ പാപ്പ

 
LEO PAPA


വത്തിക്കാന്‍സിറ്റി: ലോകത്തിലെ ജനങ്ങളുടെയും സംസ്‌കാരങ്ങളുടെയും വൈവിധ്യം ഭീഷണിയായല്ല, മറിച്ച് മനുഷ്യരാശിയുടെ വളര്‍ച്ചയ്ക്കും പുരോഗതിക്കുമുള്ള സമ്പത്തായി കാണണമെന്ന് ലെയോ പതിനാലാമന്‍ പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന പൊതു കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു പാപ്പ. 

തങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരോടും ശത്രുക്കളോട് പോലും ബഹുമാനവും സ്‌നേഹവും പുലര്‍ത്താന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രശസ്തമായ 'ഗൗദിയം എത് സ്‌പെസ്' എന്ന പ്രമാണരേഖയെ ആസ്പദമാക്കിയുള്ള പ്രബോധന പരമ്പര തുടര്‍ന്നുകൊണ്ടാണ് അദ്ദേഹം ഈ സന്ദേശം നല്‍കിയത്.

 ''വിവിധ ജനവിഭാഗങ്ങളുടെ വ്യത്യസ്ത ആചാരങ്ങളും ആശയങ്ങളും ഭയത്തോടെ കാണേണ്ടതില്ല. അത് പരസ്പര പങ്കുവയ്ക്കലിനും വളര്‍ച്ചയ്ക്കും ഉതകുന്ന ഒന്നായി അതിനെ കാണണം. ആശയപരമായി എതിര്‍പ്പുള്ളവരോടും വ്യത്യസ്തമായി ചിന്തിക്കുന്നവരോടും സ്‌നേഹത്തോടെയും ബഹുമാനത്തോടെയും ഇടപഴകണം. 

മനുഷ്യന്റെ അടിസ്ഥാനപരമായ അന്തസ്സ് എല്ലാവരിലും ഒരുപോലെയാണ്. ലോകത്ത് ഇന്ന് വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കാരണം പാപത്തിന്റെ സ്വാധീനമാണ്. സ്വാര്‍ഥതയും അധികാരമോഹവും മൂലമുണ്ടാകുന്ന ഇത്തരം സംഘര്‍ഷങ്ങള്‍ നാശത്തിലേക്കും മരണത്തിലേക്കുമാണ് വഴിതുറക്കുന്നത്'' പാപ്പ വ്യക്തമാക്കി.


ഡിജിറ്റല്‍ യുഗത്തില്‍ മനുഷ്യബന്ധങ്ങള്‍ വെര്‍ച്വലായി മാറുകയാണെന്ന് മുന്നറിയിപ്പ് നല്‍കിയ പാപ്പ, മനുഷ്യന്റെ മനഃസാക്ഷിയും വിവേചനബുദ്ധിയും ഉപയോഗിച്ച് എടുക്കേണ്ട തീരുമാനങ്ങള്‍ അല്‍ഗൊരിതങ്ങള്‍ക്ക്  വിട്ടുകൊടുക്കുന്ന പ്രവണത അപകടകരമാണ് എന്നും ഓര്‍മിപ്പിച്ചു. 

ലിംഗം, വംശം, നിറം, സാമൂഹികാവസ്ഥ, ഭാഷ, മതം എന്നിവയുടെ പേരില്‍ മനുഷ്യന്റെ മൗലികാവകാശങ്ങളില്‍ നടത്തുന്ന എല്ലാത്തരം വിവേചനങ്ങളും ദൈവഹിതത്തിന് നിരക്കാത്തതാണെന്നും അത് തുടച്ചുനീക്കപ്പെടണമെന്നും പാപ്പ തന്റെ സന്ദേശത്തില്‍ പ്രത്യേകം എടുത്തു പറഞ്ഞു.

Tags

Share this story

From Around the Web