ആഗോള പ്രേഷിത ദിനത്തിൽ പങ്കാളികളാ കുവാൻ ആഹ്വാനം ചെയ്ത ലിയോ പാപ്പാ

ആഗോള പ്രേഷിതദിനത്തിൽ പങ്കാളികളാകുവാൻ ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ പാപ്പാ.
സഭ മുഴുവൻ മിഷനറിമാർക്കുവേണ്ടിയും, അവരുടെ പ്രേഷിതപ്രവർത്തനത്തിന്റെ ഫലപ്രാപ്തിക്കുവേണ്ടിയും പ്രാർത്ഥനയിൽ ഒരുമിക്കുന്ന, ആഗോള പ്രേഷിത ദിനമായ ഒക്ടോബർ പത്തൊൻപതാം തീയതിയിലെ പ്രേഷിതദിനാചരണത്തിൽ സജീവമായി പങ്കാളികളാകുവാൻ ലെയോ പതിനാലാമൻ പാപ്പാ സാർവത്രികസഭയെ ആഹ്വാനം ചെയ്തു. താൻ പുരോഹിതനും, പിന്നീട് പെറുവിൽ മിഷനറി മെത്രാനും ആയിരുന്നപ്പോൾ, വിശ്വാസത്തോടെയും, പ്രാർത്ഥനകളോടെയും, ദാനധർമ്മങ്ങളിലൂടെയും മിഷൻഞായർ ആചരിക്കുന്നത്, സമൂഹത്തെ പരിവർത്തനം ചെയ്യുന്നതിനു താൻ സാക്ഷിയാണെന്നു പാപ്പാ പറഞ്ഞു.
"നിങ്ങളുടെ പ്രാർത്ഥനകളും, സഹായങ്ങളും, പ്രേഷിതമേഖലകളിൽ ഉള്ള സഹോദരങ്ങൾക്കിടയിൽ സുവിശേഷം പ്രചരിപ്പിക്കുന്നതിനും, അജപാലന-മതബോധന പദ്ധതികളെ സഹായിക്കുന്നതിനും, പുതിയ ദേവാലയങ്ങൾ പണിയുന്നതിനും, ആതുര -വിദ്യാഭ്യാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും ഉതകും", പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.
"ഒക്ടോബർ 19 ന്, "ജനങ്ങൾക്കിടയിൽ പ്രത്യാശയുടെ മിഷനറിമാർ" ആകുവാൻ, ജ്ഞാനസ്നാനം വഴിയായി നമുക്ക് ലഭിച്ച ആഹ്വാനത്തെക്കുറിച്ച് നാം ഒരുമിച്ച് ചിന്തിക്കുമ്പോൾ, നമ്മുടെ പ്രത്യാശയായ ഈശോ മിശിഹായെ, ഭൂമിയുടെ അതിരുകളിലേക്ക് കൊണ്ടുവരാനുള്ള നമ്മുടെ മധുരവും, സന്തോഷകരവുമായ പ്രതിബദ്ധത നമുക്ക് പുതുക്കാം." പാപ്പാ ആഹ്വാനം ചെയ്തു.