ആഗോള മിഷൻ ഞായർ ആചരണത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് ആഹ്വാനം ചെയ്ത് ലെയോ പാപ്പ

 
Leo ppaa

ആഗോള കത്തോലിക്കാ സഭയിലെ എല്ലാ വിശ്വാസികളും ആഗോള മിഷൻ ഞായർ ആചരണത്തിൽ പങ്കാളികളാകണമെന്ന് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാനിൽ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റീസ് (പിഎംഎസ്) ജനറൽ അസംബ്ലി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തവെയാണ് മാർപാപ്പ ഇപ്രകാരം ആഹ്വാനം ചെയ്തത്.

സെപ്റ്റംബറിൽ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്ന യുഎസിലെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റീസിന്റെ മുൻ നാഷണൽ ഡയറക്ടർ ഫുൾട്ടൻ ഷീനെ മാർപാപ്പ സന്ദേശത്തിൽ അനുസ്മരിച്ചു. ഫുൾട്ടൻ ഷീൻ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്നേഹത്തിന്റെയും പ്രകാശഗോപുരമായിരുന്നുവെന്നും പാപ്പ വിശേഷിപ്പിച്ചു.


“ആഗോള മിഷൻ ഞായറാചരണത്തിലൂടെ, സുവിശേഷം ആദ്യമായി എത്തിച്ചേരുന്ന പ്രദേശങ്ങളിലെ മിഷനറി പ്രവർത്തനങ്ങൾക്കും പുതുതായി വളർന്നുവരുന്ന സഭകളുടെ വളർച്ചയ്ക്കുമായി പ്രാർഥനകളും ആത്മീയ-ഭൗതികത്യാഗങ്ങളും സമർപ്പിക്കാൻ ഓരോ കത്തോലിക്കാ സമൂഹവും കടപ്പെട്ടിരിക്കുന്നു” – പാപ്പ പറഞ്ഞു.

പയസ് പതിനൊന്നാമൻ മാർപാപ്പയുടെ നിർദേശപ്രകാരം ഒക്ടോബർ മാസത്തിലെ അവസാനത്തെ ഞായറാഴ്ച ലോക മിഷൻ ഞായറായി പ്രഖ്യാപിച്ചതിന്റെ നൂറാം വാർഷികമാണ് ഈ വർഷം. ലോക മിഷൻ ഞായറാഴ്ചകളിൽ സമാഹരിക്കുന്ന ഫണ്ടുകൾ വഴി, വത്തിക്കാന്റെ സുവിശേഷവത്കരണത്തിനായുള്ള ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള ആയിരത്തിലധികം വരുന്ന രൂപതകൾക്കും മിഷൻ കേന്ദ്രങ്ങൾക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും വിവിധ മിഷനറി പ്രവർത്തനങ്ങൾ നടത്താനും സാധിക്കുന്നുണ്ടെന്ന് പരിശുദ്ധ പിതാവ് വ്യക്തമാക്കി.

Tags

Share this story

From Around the Web