ലിയോ പാപ്പ  വിശുദ്ധ അഗസ്റ്റിന്റെ ജന്മനാട്ടിലേക്ക്; ആഫ്രിക്കന്‍ സന്ദര്‍ശനം 13-ന് ആരംഭിക്കും

 
Leo papa


വത്തിക്കാന്‍ സിറ്റി:  ഏപ്രില്‍ 13 മുതല്‍ 23 വരെ ലിയോ 14-ാമന്‍ പാപ്പ നടത്തുന്ന 11 ദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ ഔദ്യോഗിക ഷെഡ്യൂള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു.

 അള്‍ജീരിയ, കാമറൂണ്‍, അംഗോള, ഇക്വറ്റോറിയല്‍ ഗിനിയ എന്നീ നാല് രാജ്യങ്ങളാണ് പാപ്പ  സന്ദര്‍ശിക്കുന്നത്. പാപ്പയായ ശേഷമുള്ള ലിയോ പാപ്പയുടെ പ്രഥമ ആഫ്രിക്കന്‍ സന്ദര്‍ശനമാണിത്. 

താന്‍ അംഗമായ  അഗസ്റ്റീനിയന്‍ സന്യാസസഭയുടെ  ആത്മീയ പിതാവായ വിശുദ്ധ അഗസ്റ്റിന്റെ സ്മരണകളുറങ്ങുന്ന സ്ഥലങ്ങള്‍ പാപ്പയുടെ സന്ദര്‍ശനത്തിലെ പ്രധാന ഇടങ്ങളാണ്.

സമാധാനം, ഐക്യം, പ്രത്യാശ എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന ഈ യാത്ര ഏപ്രില്‍ 13-ന് മുസ്ലീം ഭൂരിപക്ഷ രാജ്യവും വിശുദ്ധ അഗസ്റ്റിന്റെ ജന്മനാടുമായ അള്‍ജീരിയയിലേക്ക് നടത്തുന്ന യാത്രയോടെയാണ് ആരംഭിക്കുന്നത്. 

 ലോകത്തിലെ ഏറ്റവും വലിയ മോസ്‌കുകളിലൊന്നായ 'ഗ്രേറ്റ് മോസ്‌ക് ഓഫ് അള്‍ജിയേഴ്സ്' സന്ദര്‍ശിക്കുന്ന പാപ്പ മതസൗഹാര്‍ദ്ദത്തിലൂന്നിയ  പരിപാടികള്‍ക്കാണ് ഇവിടെ പ്രാധാന്യം നല്‍കിയിരിക്കുന്നത്.

തുടര്‍ന്ന് കാമറൂണിലെത്തുന്ന മാര്‍പാപ്പ സമാധാനത്തിനും അനുരഞ്ജനത്തിനും മുന്‍ഗണന നല്‍കുന്ന പരിപാടികളില്‍ പങ്കെടുക്കും.

 രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്ന ബമെന്‍ഡ പ്രദേശം സന്ദര്‍ശിക്കുകയും സമാധാന സംഗമത്തില്‍ പങ്കെടുക്കുകയും ചെയ്യും. ദുവാലയിലെ ജപ്പോമ സ്റ്റേഡിയത്തില്‍ നടക്കുന്ന ദിവ്യബലിക്ക് പാപ്പ കാര്‍മികത്വം വഹിക്കും.

ഏപ്രില്‍ 18-ന് അംഗോളയില്‍ എത്തുന്ന മാര്‍പാപ്പ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ  'മാമ മുക്സിമ'യില്‍ വിശ്വാസികളോടൊപ്പം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കും. രാജ്യത്തെ നഴ്സിംഗ് ഹോമുകളും പാപ്പ സന്ദര്‍ശിക്കും.

സന്ദര്‍ശനത്തിന്റെ അവസാന ഘട്ടത്തില്‍ ഇക്വറ്റോറിയല്‍ ഗിനിയയിലെത്തുന്ന മാര്‍പാപ്പ നാഷണല്‍ സര്‍വകലാശാല കാമ്പസില്‍ ക്രമീകരിച്ചിരിക്കുന്ന കൂടിക്കാഴ്ചയില്‍ യുവാക്കളുമായും കലാകാരന്മാരുമായും സംവദിക്കും. 

 ഏപ്രില്‍ 23-ന് മലാബോ സ്റ്റേഡിയത്തിലെ സമാപന ദിവ്യബലിക്ക് ശേഷമാവും പാപ്പയുടെ മടക്കം.

വിവിധ രാജ്യങ്ങളിലെ അനാഥാലയങ്ങള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍, ജയിലുകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് വഴി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുള്ള സഭയുടെ കരുതല്‍ പാപ്പ പ്രകടമാക്കും. ഒരോ രാജ്യത്തെയും പാപ്പയുടെ സന്ദര്‍ശനത്തിന്റെ ഔദ്യോഗിക ലോഗോകളും ആപ്തവാക്യങ്ങളും വത്തിക്കാന്‍ പ്രസ് ഓഫീസ് പ്രസിദ്ധീകരിച്ചു.

Tags

Share this story

From Around the Web