ലെയോ പാപ്പ നവംബർ പത്തിന് പെറു സന്ദർശിക്കും: പ്രസിഡന്റ് ബാൽകസാർ

 
Leo

വരും മാസങ്ങളിൽ ലെയോ പതിനാലാമൻ മാർപാപ്പ പെറു സന്ദർശിക്കുമെന്ന് രാജ്യത്തിന്റെ പ്രസിഡന്റ് ജോസ് മരിയ ബാൽകസാർ സ്ഥിരീകരിച്ചു. നവംബർ പത്തിന് പരിശുദ്ധ പിതാവ് പെറുവിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജൂൺ ഏഴിന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാൽ, ഈ അപ്പസ്തോലിക സന്ദർശനത്തെക്കുറിച്ച് വത്തിക്കാന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.

വടക്കൻ നഗരമായ ചിക്ലായോയിൽ വച്ച്, മാർപാപ്പയുടെ സന്ദർശന തീയതിയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “നവംബർ പത്തിന് സന്ദർശനം ആരംഭിക്കാനാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്” എന്ന് പ്രസിഡന്റ് മറുപടി നൽകിയതായി പ്രാദേശിക വാർത്താ ഏജൻസിയായ ആർപിപി (RPP) റിപ്പോർട്ട് ചെയ്തു. പെറുവിനു പുറമെ ഉറുഗ്വേ, അർജന്റീന എന്നീ രാജ്യങ്ങളും പാപ്പയുടെ ഈ ലാറ്റിനമേരിക്കൻ സന്ദർശന പരിപാടിയിൽ ഉൾപ്പെട്ടേക്കുമെന്നാണ് സൂചനകൾ. ഈ വർഷം ഏപ്രിലിൽ, മോണ്ടെവീഡിയോ ആർച്ച്ബിഷപ്പ് കർദിനാൾ ഡാനിയൽ സ്റ്റുർല, നവംബർ അവസാനത്തിലോ, ഡിസംബർ ആദ്യവാരത്തിലോ ലെയോ പാപ്പ ഉറുഗ്വേ സന്ദർശിച്ചേക്കുമെന്ന് സൂചിപ്പിച്ചിരുന്നു.


മുൻപ് ദീർഘകാലം പെറുവിൽ സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് ലെയോ പതിനാലാമൻ മാർപാപ്പ. പഴയ കർമ്മഭൂമിയിലേക്കുള്ള മാർപാപ്പയുടെ തിരിച്ചുവരവിനെ ഏറെ ആവേശത്തോടെയാണ് പെറുവിലെ വിശ്വാസിസമൂഹം നോക്കിക്കാണുന്നത്.

Tags

Share this story

From Around the Web