ക്രിസ്തുമസിന് മുന്നോടിയായി റോമിലെ ഇടവകകള്‍ സന്ദര്‍ശിക്കുവാന്‍ ലെയോ പാപ്പ,അഞ്ച് ഇടവകകളില്‍ പാപ്പ സന്ദര്‍ശനം നടത്തും. കഴിഞ്ഞ നോമ്പുകാലത്ത് സന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നു
വത്തിക്കാന്‍ സിറ്റി: ആഗമനകാലത്തിന്റെ പശ്ചാത്തലത്തില്‍ ക്രിസ്തുമസിന് മുന്നോടിയായി റോമിലെ ഇടവകകള്‍ സന്ദര്‍ശിക്കുവാന്‍ ലെയോ പാപ്പ. നവംബര്‍ 27 മുതല്‍ ഡിസംബര്‍ 20 വരെ കാലയളവില്‍, റോം രൂപതയിലെ ഇടവകകള്‍ രൂപത മെത്രാന്‍ കൂടിയായ ലെയോ പാപ്പ സന്ദര്‍ശിക്കുമെന്നും, വിശുദ്ധ ബലിയര്‍പ്പിക്കുമെന്നും റോം വികാരിയാത്ത് അറിയിച്ചു. റോം രൂപതയിലെ വിവിധ സെക്ടറുകളിലുള്ള അഞ്ച് ഇടവകകളിലാണ് പാപ്പ സന്ദര്‍ശനം നടത്തുക. കഴിഞ്ഞ നോമ്പുകാലത്തും ലെയോ പാപ്പ സമാനമായ സന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നു.
നവംബര്‍ 27-ന് മധ്യമേഖലയിലെ സാന്ത് അന്ത്രെയാ ദെല്ലെ ഫ്രാത്തെ, നവംബര്‍ 29-ന് ദക്ഷിണമേഖലയിലെ സാന്‍ കാര്‍ലോ ദ സെത്സെ, ഡിസംബര്‍ 6-ന് കിഴക്കന്‍ മേഖലയിലെ സാന്ത് എലീജിയോ, ഡിസംബര്‍ 13-ന് പടിഞ്ഞാറന്‍ മേഖലയിലെ സാന്താ ലൂച്ചിയ, ഡിസംബര്‍ 20-ന് വടക്കന്‍ മേഖലയിലെ സാന്‍ റോബെര്‍ത്തോ ബെല്ലാര്‍മിനോ എന്നീ ഇടവകകളിലാണ് പാപ്പ എത്തുക. രൂപത സന്ദര്‍ശിക്കുന്ന ഇടയനെ, റോം രൂപതയിലേക്കുള്ള പാപ്പയുടെ വികാരി ജനറാള്‍ അതാതു പ്രദേശങ്ങളുടെ ചുമതലയുള്ള സഹായമെത്രാന്‍, ഇടവക വികാരി എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.
അഞ്ചു ദിവസങ്ങളിലും ഉച്ചകഴിഞ്ഞായിരിക്കും പാപ്പ ഈ സന്ദര്‍ശനങ്ങള്‍ നടത്തുകയെന്നും, ഇടവകകളിലെ വിവിധ സമിതികളുമായും സംഘടനകളുമായും കൂടിക്കാഴ്ച നടത്തുകയും തുടര്‍ന്ന് ഇടവക സമൂഹത്തിനൊപ്പം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമെന്നും വികാരിയാത്ത് അറിയിച്ചു. പരിശുദ്ധ പിതാവിന്റെ സന്ദര്‍ശനങ്ങള്‍ റോം രൂപതയ്ക്കാകെ ആഘോഷത്തിന്റെ നിമിഷമാണെന്ന് കര്‍ദ്ദിനാള്‍ ബല്‍ഡസ്സാരെ റെയ്ന പറഞ്ഞു. ഇടവകകളിലെ അജപാലന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും വിശ്വാസസമൂഹങ്ങളെ ശക്തിപ്പെടുത്താനും, പ്രാര്‍ത്ഥനയിലും വിശ്വാസത്തിലും സഭൈക്യത്തിലും വളരാനും ഈ സന്ദര്‍ശനങ്ങള്‍ പ്രയോജനപ്പെടുമെന്ന് വ്യക്തമാക്കി.