ലെയോ പാപ്പ ലാറ്റിൻ അമേരിക്കയിലേക്ക്; നവംബറില്‍ ഉറുഗ്വേ, അർജന്റീന, പെറു എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും

 
papa leo 132

വത്തിക്കാന്‍ സിറ്റി: ലാറ്റിന്‍ അമേരിക്കയിലെ രാഷ്ട്രത്തലവന്മാരുടെയും സഭാധികാരികളുടെയും ക്ഷണം സ്വീകരിച്ച് ലെയോ പാപ്പ നവംബറില്‍ സന്ദര്‍ശനം നടത്തും. മാര്‍പാപ്പയായതിന് ശേഷം ലെയോ പാപ്പ ലാറ്റിൻ അമേരിക്കയിലേക്കു നടത്തുന്ന ആദ്യത്തെ ഔദ്യോഗിക സന്ദർശനമായിരിക്കും ഇത്. നവംബർ 6 മുതൽ 17 വരെ നീളുന്ന 11 ദിവസം നീണ്ട യാത്രയില്‍ മാർപാപ്പ ഉറുഗ്വേ, അർജന്റീന, പെറു എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുക. ഓരോ രാജ്യത്തെയും പ്രധാനപ്പെട്ട നഗരങ്ങൾ ഉൾപ്പെടുന്ന ഈ ഇടയസന്ദർശനം നടത്താനുള്ള ക്ഷണം രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരിൽ നിന്നും സഭാധികാരികളിൽ നിന്നും മാർപാപ്പ സ്വീകരിച്ചതായി ഇന്നു വത്തിക്കാൻ അറിയിച്ചു.

യാത്രയുടെ ആദ്യ ഘട്ടം ഉറുഗ്വേയിലാണ് നടക്കുക. തെക്കേ അമേരിക്കയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമായ ഉറുഗ്വേയില്‍ നവംബർ 6 മുതൽ 8 വരെയാണ് സന്ദർശനം നടത്തുക. ഈ ദിവസങ്ങളിൽ അദ്ദേഹം മോണ്ടെവീഡിയോ, പൈസാണ്ടു, ഫ്ലോറിഡ എന്നീ നഗരങ്ങൾ സന്ദർശിക്കും. ഇതിന് ശേഷം നവംബർ 8 മുതൽ 11 വരെ അർജന്റീനയില്‍ അപ്പസ്തോലിക സന്ദര്‍ശനം നടത്തും. ബ്യൂണസ് അയേഴ്സ്, കോർഡോബ, രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ 'ഔർ ലേഡി ഓഫ് ലുജാൻ' മരിയൻ തീർത്ഥാടന കേന്ദ്രം എന്നിവ സന്ദർശിക്കുന്നത് ഈ യാത്രാപരിപാടിയിൽ ഉൾപ്പെടുന്നു.

യാത്രയുടെ അവസാന ഘട്ടം നവംബർ 11 മുതൽ 17 വരെ പെറുവിലാണ് നടക്കുക. 2015 മുതൽ ലെയോ പാപ്പയ്ക്ക് പൗരത്വമുള്ള രാജ്യമാണ് പെറു. മുന്‍പ് 2014-ല്‍ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായും 2015 സെപ്റ്റംബർ മുതല്‍ ചിക്ലായോയിലെ ബിഷപ്പായും ലെയോ പാപ്പ സേവനം ചെയ്ത രാജ്യമാണ് പെറു. അന്നത്തെ തങ്ങളുടെ മെത്രാന്‍ ആഗോള സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തുന്ന ആദ്യ സന്ദര്‍ശനത്തിനായി ആവേശപൂര്‍വ്വം കാത്തിരിക്കുകയാണ് പെറുവിലെ വിശ്വാസികള്‍. ലിമ, ചിക്ലായോ, കുസ്കോ, പുക്കാൽപ എന്നീ നഗരങ്ങൾ അപ്പസ്തോലിക സന്ദര്‍ശനത്തിനിടെ പാപ്പ സന്ദർശിക്കും.

Tags

Share this story

From Around the Web