ആഗമനകാലത്ത് റോമിലെ അഞ്ച് ഇടവകകള്‍ സന്ദര്‍ശിക്കാന്‍ ലെയോ മാര്‍പാപ്പ
ആഗമനകാലത്തോട് അനുബന്ധിച്ച് നവംബര്‍ 27 മുതല്‍ ഡിസംബര്‍ 20 വരെ ലെയോ പതിനാലാമന്‍ മാര്‍പാപ്പ റോമിലെ അഞ്ച് ഇടവകകള്‍ സന്ദര്‍ശിക്കും. റോം രൂപതയുടെ കീഴിലുള്ള അഞ്ച് ഇടവകകളിലായിരിക്കും മാര്‍പാപ്പയുടെ അജപാലന സന്ദര്‍ശനം. ഒക്ടോബര്‍ 28 ബുധനാഴ്ചയാണ് റോം വികാരിയേറ്റ് സന്ദര്‍ശന വിവരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
റോം രൂപതയുടെ വികാരി ജനറല്‍ കര്‍ദിനാള്‍ ബാല്‍ദോ റെയ്നയും അതത് ഇടവകകളിലെ വികാരിമാരും ചേര്‍ന്നാകും മാര്‍പാപ്പയെ സ്വീകരിക്കുക. തുടര്‍ന്ന് ഇടവക കൗണ്‍സിലുകളുമായും മറ്റ് വിശ്വാസ സമൂഹങ്ങളുമായും പാപ്പ കൂടിക്കാഴ്ച നടത്തുകയും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്യും. ഈ സന്ദര്‍ശനങ്ങള്‍ രൂപതയ്ക്കാകെ വലിയ സന്തോഷമാണ് നല്‍കുന്നതെന്ന് കര്‍ദിനാള്‍ റെയ്ന വ്യക്തമാക്കി.
ആദ്യ സന്ദര്‍ശനം സെന്‍ട്രല്‍ സെക്ടറിലുള്ള സാന്ത് ആന്ദ്രെ ദെല്ലെ ഫ്രാത്തെ ഇടവകയിലാണ്. ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന അദ്ഭുത കാരുണ്യമാതാവിന്റെ തിരുനാള്‍ ദിനമായ നവംബര്‍ 27 നാണ് ഈ സന്ദര്‍ശനം. നവംബര്‍ 29 ന് സതേണ്‍ സെക്ടറിലുള്ള സാന്‍ കാര്‍ലോ ദാ സെസ്സെ ഇടവക സന്ദര്‍ശിക്കും. അടുത്ത വര്‍ഷം ഈ ഇടവകയുടെ സമര്‍പ്പണത്തിന്റെ നാല്പതാം വാര്‍ഷികമാണ്. യുവാക്കളെയും പാവപ്പെട്ടവരെയും സഹായിക്കുന്നതില്‍ വലിയ പാരമ്പര്യമുള്ള ഇടവകയാണിത്.
ഈസ്റ്റേണ്‍ സെക്ടറിലെ സാന്ത് എലീജിയോ ഇടവകയില്‍ ഡിസംബര്‍ ആറിന് പാപ്പ സന്ദര്‍ശനം നടത്തും. വിശ്വാസം ബലപ്പെടുത്തേണ്ട ഈ സമയത്ത് മാര്‍പാപ്പയുടെ കടന്നുവരവ് വലിയൊരു സമ്മാനമാണെന്ന് വികാരി ഫാ. ഡാരിയോ ഫ്രാറ്റിനി പറഞ്ഞു.
ഡിസംബര്‍ 13 ന് വെസ്റ്റേണ്‍ സെക്ടറിലെ സാന്താ ലൂസിയ ഇടവകയുടെ തിരുനാള്‍ ദിനത്തിലാണ് പാപ്പ അവിടെ സന്ദര്‍ശനം നടത്തുക. ഡിസംബര്‍ 20 ന് നോര്‍ത്തേണ്‍ സെക്ടറിലെ സാന്‍ റോബര്‍ട്ടോ ബെല്ലാര്‍മിനോ ഇടവക സന്ദര്‍ശിക്കുന്നതോടെ ഈ അജപാലന സന്ദര്‍ശനത്തിന് സമാപനമാകും.