സ്പെയിൻ സന്ദർശന വേളയിൽ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായവരുമായി കൂടിക്കാഴ്ച നടത്താൻ ലെയോ പാപ്പ

 
Leo papa

ലെയോ പതിനാലാമൻ മാർപാപ്പ സ്പെയിൻ സന്ദർശനത്തിനിടെ, വൈദികരുടെ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് വത്തിക്കാൻ സ്ഥിരീകരിച്ചു. പ്രാദേശിക കത്തോലിക്കാ സഭയുടെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച സംഘടിപ്പിച്ചിരിക്കുന്നത്. മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച വാർത്തകൾ പ്രചരിച്ചതിനെത്തുടർന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മത്തിയോ ബ്രൂണിയാണ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്.

ഇരകളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് കൂടിക്കാഴ്ചയുടെ കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് അദ്ദേഹം അറിയിച്ചു. സ്പാനിഷ് സഭയുടെ ആഭിമുഖ്യത്തിലാണ് ഈ കൂടിക്കാഴ്ചയെന്നും, ഇരകളുടെ താല്പര്യങ്ങൾക്കും സ്വകാര്യതയ്ക്കും പ്രധാന മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.


സ്പെയിനിലെ കത്തോലിക്കാ സഭയെ ഏറെ പ്രതിസന്ധിയിലാക്കിയ വിഷയമാണ് വൈദികർ ഉൾപ്പെട്ട ലൈംഗിക അതിക്രമങ്ങൾ. പീഡനങ്ങൾ തടയുന്നതിനും ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിനുമായി സമീപകാലത്ത് ശക്തമായ നടപടികളാണ് സ്‌പെയിനിലെ സഭ സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാർച്ചിൽ സ്പാനിഷ് എപ്പിസ്കോപ്പൽ കോൺഫറൻസ്, കോൺഫറൻസ് ഓഫ് റിലീജിയസ്, സ്പെയിൻ പ്രസിഡൻസി മന്ത്രാലയം എന്നിവർ സംയുക്തമായി ഒരു പ്രത്യേക മാർഗരേഖയ്ക്ക് രൂപം നൽകിയിരുന്നു.

മാർപാപ്പയുടെ സന്ദർശനത്തിന് മുന്നോടിയായി നിരവധി സ്പാനിഷ് മാധ്യമങ്ങൾ ഈ വിഷയം ചർച്ചയാക്കിയിരുന്നു. തങ്ങൾക്ക് മാർപാപ്പയെ നേരിട്ട് കാണാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് സ്പെയിനിലെ ഒരു വിഭാഗം ഇരകൾ വത്തിക്കാന് കത്തയച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

പൂർണ്ണമായും അടച്ചിട്ട മുറിയിലായിരിക്കും മാർപാപ്പയും ഇരകളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുക. മുൻപ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ (അമേരിക്ക, യുകെ, ഓസ്ട്രേലിയ, ജർമ്മനി സന്ദർശന വേളകളിൽ) സ്വീകരിച്ച അതേ മാതൃകയാണ് ഇവിടെയും പിന്തുടരുന്നത്. ഫ്രാൻസിസ് മാർപാപ്പയും തന്റെ ചിലി, അയർലൻഡ്, പോർച്ചുഗൽ, ബെൽജിയം സന്ദർശനങ്ങളിൽ സമാനമായ രീതിയിൽ ഇരകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags

Share this story

From Around the Web