യൂറോപ്പിലേക്കും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും അപ്പസ്‌തോലിക സന്ദര്‍ശനം നടത്തുവാന്‍ ലെയോ പാപ്പ

 
LEO PAPA 12345


വത്തിക്കാന്‍ സിറ്റി: തുര്‍ക്കിയിലേക്കും ലെബനോനിലേക്കും കഴിഞ്ഞ വര്‍ഷാവസാനം നടത്തിയ അപ്പസ്‌തോലിക യാത്രകള്‍ക്ക് ശേഷം അന്താരാഷ്ട്ര അപ്പസ്‌തോലിക യാത്രകള്‍ക്കു ലെയോ പാപ്പ വീണ്ടും ഒരുങ്ങുന്നു. 

അള്‍ജീരിയ, കാമറൂണ്‍, അംഗോള, ഇക്വറ്റോറിയല്‍ ഗിനി, സ്‌പെയിന്‍, മൊണാക്കോ എന്നിവിടങ്ങളിലേക്കാണ് പാപ്പ വരും നാളുകളില്‍ യാത്ര ചെയ്യുകയെന്ന് ഇന്നലെ ഫെബ്രുവരി 25ന് പുറത്തിറക്കിയ പ്രസ്താവനയില്‍ വത്തിക്കാന്‍ അറിയിച്ചു. 


വലിയ ആഴ്ചയ്ക്ക് മുന്‍പായി, മാര്‍ച്ച് 28ന് മൊണാക്കോ രാജ്യത്തേക്കാണ് പാപ്പ പ്രഥമ അപ്പസ്‌തോലിക സന്ദര്‍ശനം നടത്തുക. ഏകദിന സന്ദര്‍ശനമാണ് ഇവിടെ നടത്തുക.

2026-ലെ അപ്പസ്‌തോലികയാത്രകളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയത് ആഫ്രിക്കയിലെ അള്‍ജീരിയ, കാമറൂണ്‍, അംഗോള, ഇക്വറ്റോറിയല്‍ ഗിനി എന്നീ രാജ്യങ്ങളിലേക്കുള്ള പത്തു ദിവസങ്ങള്‍ നീളുന്ന യാത്രയാണ്. 


ഏപ്രില്‍ 13 മുതല്‍ 23 വരെ തീയതികളിലായിരിക്കും പാപ്പ ഈ രാജ്യങ്ങളിലേക്ക് അപ്പസ്‌തോലിക സന്ദര്‍ശനം നടത്തുക. അള്‍ജീരിയയിലെ അള്‍ജീരി, അന്നാബ എന്നിവിടങ്ങളും, കാമറൂണില്‍ യൗണ്ടേ, ബമേണ്ട, ദൂവാല എന്നിവിടങ്ങളും, അംഗോളയില്‍ ലുവാണ്ട, മുക്‌സിമ, സൗരിമോ എന്നിവിടങ്ങളും, ഇക്വറ്റോറിയല്‍ ഗിനിയില്‍ മലാബോ, മോങ്കോമോ, ബാത്ത എന്നിവിടങ്ങളുമാകും പരിശുദ്ധ പിതാവ് സന്ദര്‍ശിക്കുക.

 1985-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ, ആഫ്രിക്കയില്‍ പതിനൊന്ന് ദിവസങ്ങള്‍കൊണ്ട് ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

2026-ലെ മൂന്നാമത് അപ്പസ്‌തോലിക യാത്ര സ്‌പെയിനിലേക്കുള്ളതാണ്. ജൂണ്‍ ആറ് മുതല്‍ പന്ത്രണ്ട് വരെ തീയതികളിലായി നടക്കുന്ന ഈ യാത്രയില്‍ പാപ്പാ ആദ്യമെത്തുക തലസ്ഥാനമായ മാഡ്രിഡിലായിരിക്കും.

 തുടര്‍ന്ന്, ബാഴ്‌സലോണയിലുള്ള പ്രസിദ്ധമായ തിരുക്കുടുംബദേവാലയത്തിന്റെ ഭാഗമായ ഉയരമേറിയ ഗോപുരം പരിശുദ്ധ പിതാവ് ഉദ്ഘാടനം ചെയ്യും.

 ദേവാലയത്തിന്റെ നിര്‍മ്മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതും, കഴിഞ്ഞ വര്‍ഷം ധന്യനായി പ്രഖ്യാപിക്കപ്പെട്ടതുമായ ആന്റണി ഗൗദിയുടെ മരണത്തിന്റെ നൂറാം വര്‍ഷത്തിലാണ് പരിശുദ്ധ പിതാവ് ഇവിടെയെത്തുന്നത് എന്ന ഒരു പ്രത്യേകത കൂടി ഇത്തവണത്തെ അപ്പസ്‌തോലിക യാത്രയ്ക്കുണ്ട്.

Tags

Share this story

From Around the Web