അൽമുദേന മാതാവിന് ‘ഗോൾഡൻ റോസ്’ സമർപ്പിക്കാൻ ലെയോ പാപ്പ

 
Almude

സ്പെയിനിലെ മാഡ്രിഡിന്റെ കാവൽനാഥയായ അൽമുദേന മാതാവിന് (Virgin of Almudena) ലെയോ പതിനാലാമൻ മാർപാപ്പ ‘സുവർണ്ണ റോസാപുഷ്പം’ സമ്മാനിക്കും. 1049-ൽ ലെയോ ഒൻപതാമൻ മാർപാപ്പ തുടക്കം കുറിച്ച ഈ വിശിഷ്ട പദവി ലഭിക്കുന്ന സ്പെയിനിലെ നാലാമത്തെ മരിയൻ തീർഥാടന കേന്ദ്രമായി ഇതോടെ അൽമുദേന മാറും.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ‘മരിയൻ മണ്ണ്’ എന്ന് വിശേഷിപ്പിച്ച സ്പെയിനിൽ ഇതിനുമുമ്പ് വിർജിൻ ഓഫ് ദി ഹെഡ് (2009), ഔർ ലേഡി ഓഫ് മോണ്ട്സെറേറ്റ് (2023), വിർജിൻ മക്കരീന (2024) എന്നിവയ്ക്കാണ് ഈ ബഹുമതി ലഭിച്ചിട്ടുള്ളത്. ജൂൺ എട്ടിന് വൈകുന്നേരം ഔർ ലേഡി ഓഫ് അൽമുദേന കത്തീഡ്രലിൽ നടക്കുന്ന പ്രത്യേക പ്രാർഥനാ ചടങ്ങിൽ മാർപാപ്പ സുവർണ്ണ റോസാപ്പൂവ് സമർപ്പിക്കും.


ഇതിനുശേഷമായിരിക്കും സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ നടക്കുന്ന രൂപതയിലെ വിവിധ സഭാവിഭാഗങ്ങളുടെ സംഗമത്തിൽ പാപ്പ പങ്കെടുക്കുക. കത്തീഡ്രലിൽ നടക്കുന്ന ചടങ്ങുകൾ ലളിതവും ഭക്തിസാന്ദ്രവുമായിരിക്കുമെന്ന് മാഡ്രിഡ് അതിരൂപത അറിയിച്ചു. കാർഡിനൽ ഹൊസെ കോബോ, കത്തീഡ്രൽ ചാപ്റ്റർ, മറ്റ് സഭാധികാരികൾ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. മാർപാപ്പയ്ക്ക് ഗോൾഡൻ റോസ് സമർപ്പിക്കുന്നതിനായി മാതാവിന്റെ രൂപത്തിന് താഴെയുള്ള പീഠത്തിൽ പ്രത്യേക ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ടെന്നും വെള്ളി കൊണ്ടുള്ള പുതിയൊരു തട്ട് ഇതിനായി സ്ഥാപിച്ചിട്ടുണ്ടെന്നും അതിരൂപത വ്യക്തമാക്കി.

Tags

Share this story

From Around the Web