കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ മീറ്റ് ഒക്ടോബര്‍ 20 മുതല്‍ റോമില്‍, ലെയോ മാര്‍പാപ്പ പങ്കെടുക്കും
കൊച്ചി: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ മീറ്റ് ഒക്ടോബര്‍ 20 മുതല്‍ 23 വരെ തീയതികളില്‍ റോമില്‍ നടക്കും. ലെയോ പതിനാലാമന്‍ മാര്‍പാപ്പ ഈ സമ്മേളനത്തില്‍ പ്രത്യേകമായി പങ്കെടുക്കുകയും ആശീര്‍വാദം നല്‍കുകയും ചെയ്യും.
സീറോ മലബാര്‍ സഭയുടെയും 109 വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള കത്തോലിക്ക കോണ്‍ഗ്രസിന്റെയും ചരിത്രത്തിലെ അവിസ്മരണീയമായ സംഗമമാണു റോം ഗ്ലോബല്‍ മീറ്റ്. ആഗോള തലത്തില്‍ സമുദായ ശക്തീകരണത്തിന്റെ വ്യത്യസ്ത മേഖലകള്‍, പ്രതിസന്ധികള്‍, സാധ്യതകള്‍, ഗ്ലോബല്‍ കണക്ടിവിറ്റി, ബിസിനസ് നെറ്റ്വര്‍ക്കിംഗ് തുടങ്ങിയവയെ ആസ്പദമാക്കി യുള്ള സെഷനുകള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍, നയരൂപീകരണങ്ങള്‍ എന്നിവ സംഗമത്തിന്റെ ഭാഗമായി നടക്കും. 40 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, പൗരസ്ത്യ സഭാകാര്യാലയം പ്രീഫെക്ട് കര്‍ദ്ദിനാള്‍ മാര്‍ ക്ലൗദിയോ ഗുജറോത്തി, ബിഷപ്പ് ലഗേറ്റ് മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍, ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ തോമസ് തറയില്‍, ബിഷപ്പുമാരായ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, മാര്‍ ജോയ് ആലപ്പാട്ട്, മാര്‍ ജോസ് കല്ലുവേലില്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ ടോണി നീലങ്കാവില്‍, മാര്‍ ജോസഫ് അരുമച്ചാടത്ത് എന്നിവരും സമുദായ നേതാക്കളും മന്ത്രിമാരും ജന പ്രതിനിധികളും മൂന്നു ദിവസത്തെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.
ഗ്ലോബല്‍ മീറ്റിനു മുന്നോടിയായി മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിനു കൈമാറിയ പതാക 32 രാജ്യങ്ങളിലൂടെ കടന്നു പോകുന്ന പതാക പ്രയാണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വിവിധ രാജ്യങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം ഇന്ത്യയില്‍ എത്തിച്ചേരും.
ഒക്ടോബറില്‍ ഇന്ത്യയില വിവിധ രൂപതകളിലൂടെ പ്രയാണം ചെയ്ത് ഒക്ടോബര്‍ 18ന് റോമിലേക്കു പ്രയാണം നീങ്ങുകയും 19 ന് റോമില്‍ പതാക ഉയര്‍ത്തുകയും ചെയ്യും.