ജൂബിലി വര്‍ഷത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ക്ക് നന്ദി അര്‍പ്പിച്ച് ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: 2025-ലെ പ്രത്യാശയുടെ ജൂബിലി വര്‍ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ട് കൊണ്ടുപോകാനും, റോമിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് സ്വീകാര്യമായ ആതിഥേയത്വം ഒരുക്കാനും വേണ്ടി അദ്ധ്വാനിച്ചവര്‍ക്ക് നന്ദി അര്‍പ്പിച്ച് ലെയോ പതിനാലാമന്‍ പാപ്പ.
ജൂബിലി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരുടെ പ്രതിനിധി സംഘങ്ങള്‍ക്ക് ഇന്നലെ ജനുവരി 10 ശനിയാഴ്ച വത്തിക്കാനില്‍ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് പരിശുദ്ധ പിതാവ് ഏവര്‍ക്കും നന്ദി അര്‍പ്പിച്ചത്.
2025-ലെ പ്രത്യാശയുടെ ജൂബിലി വര്‍ഷം പ്രമാണിച്ച്, റോമിലെ മേജര്‍ ബസലിക്കകളിലെ വിശുദ്ധ വാതിലുകളിലൂടെ മൂന്ന് കോടി മുപ്പത്തിയഞ്ച് ലക്ഷം വിശ്വാസികള്‍ കടന്നതായാണ് കണക്കാക്കുന്നത്.
185 രാജ്യങ്ങളില്‍നിന്നെത്തിയ ഈ തീര്‍ത്ഥാടകരെ സഹായിക്കാനായി, ഏതാണ്ട് 7000 സന്നദ്ധപ്രവര്‍ത്തകരും നിരവധി ആരോഗ്യസേവനപ്രവര്‍ത്തകരും സുരക്ഷാപ്രവര്‍ത്തകരും സേവനം ചെയ്തിരിന്നു.
ഫ്രാന്‍സിസ് പാപ്പ തുടക്കമിട്ട ജൂബിലി വര്‍ഷം ലെയോ പതിനാലാമന്‍ പാപ്പായാണ് പൂര്‍ത്തിയാക്കിയതെന്ന അപൂര്‍വ്വതയും ഇത്തവണത്തെ ജൂബിലിയ്ക്കുണ്ടായിരുന്നു.
ജൂബിലിക്കായി റോം നഗരത്തെ പ്രത്യേകമായി ഒരുക്കുന്നതിലും, തീര്‍ത്ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പ്രത്യേകമായി സഹകരിച്ച ഇറ്റലിയുടെ ഗവണ്‍മെന്റ്, വിവിധ സുരക്ഷാസേനകള്‍ എന്നീ വിഭാഗങ്ങളെ പാപ്പ പ്രത്യേകമായി അനുസ്മരിച്ചു.
ജൂബിലി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ 'സുവിശേഷവത്കരണത്തിനായുളള ഡിക്കാസ്റ്ററിയിലെ നേതൃനിരയെയും, മറ്റ് ഡിക്കാസ്റ്ററികളെയും പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ്ഥാനങ്ങളെയും വത്തിക്കാനിലെ സുരക്ഷാസേനകളെയും, ജൂബിലിയില്‍ സഹായിച്ച കുമ്പസാരക്കാരായ വൈദികര്‍, വിവിധ രൂപതകളുടെ പ്രതിനിധികള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെയും തന്റെ പ്രഭാഷണത്തില്‍ പാപ്പ പ്രത്യേകം പരാമര്‍ശിച്ചു.
യുവജനങ്ങളുടെ ജൂബിലിയുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് യുവജനങ്ങളും കൗമാരക്കാരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ സംഭവവും പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണത്തില്‍ അനുസ്മരിച്ചു.
യുവജനങ്ങളുടെ സാന്നിധ്യം വ്യത്യസ്തങ്ങളെങ്കിലും ഒരുമയും ഐക്യവും വിളിച്ചോതുന്ന അവരുടെ സാക്ഷ്യങ്ങളും മനോഹരമായിരുന്നുവെന്ന് പാപ്പ പ്രസ്താവിച്ചു.
കൃപയുടെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും നിമിഷങ്ങള്‍ ജീവിക്കാനാണ് അവര്‍ ആഗ്രഹിച്ചതെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.