ദുഃഖത്തിന്റെ നിമിഷങ്ങളിൽ ദൈവീക സാന്നിധ്യം അനുഭവിക്കുവാന്‍ സാധിക്കണം: യുവജനങ്ങളോട് ലെയോ പാപ്പ
ബാഴ്‌സലോണ: നമ്മുടെ ദുഃഖങ്ങളുടെ ഭാരം വഹിക്കുകയും, നമ്മോടൊപ്പം കഷ്ടപ്പെടുകയും, നാം കരയുമ്പോൾ, സ്നേഹവും കരുണയും നിറഞ്ഞ തന്റെ സാന്നിധ്യത്തോടെ നമ്മുടെ അരികിൽ നിൽക്കുന്ന കരുണാമയനായ ദൈവത്തിന്റെ മുഖമാണ് നമ്മുക്ക് കാണാന്‍ കഴിയേണ്ടതെന്നു ലെയോ പാപ്പ. സ്പെയിനില്‍ അപ്പസ്തോലിക സന്ദര്‍ശനം തുടരുന്ന ലെയോ പാപ്പ, ബാഴ്‌സലോണയിലെ യുവജനങ്ങൾക്കൊപ്പം നടത്തിയ ജാഗരണ പ്രാർത്ഥനാവേളയോട് അനുബന്ധിച്ച് യുവജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരിന്നു. സത്യത്തിനും സന്തോഷത്തിനും വേണ്ടിയുള്ള നമ്മുടെ ആഗ്രഹത്തിന് വിശാലമായ ഒരു ചക്രവാളം ആവശ്യമാണെന്നും, അതിനായി ആഴത്തിലുള്ള ഒരു യാത്ര ആവശ്യമാണെന്നും പാപ്പ ഓർമ്മിപ്പിച്ചു.
ലോകത്തിന്റെ പ്രലോഭനങ്ങൾക്ക് പകരമായി നിശബ്ദതയുടെ നിമിഷങ്ങൾ വളർത്തിയെടുവാനും, സുവിശേഷം വായിക്കാനും , ദൈവവുമായി സംസാരിക്കാനും, മറ്റുള്ളവരുമായി ഒരുമിച്ച് ആന്തരിക യാത്ര നടത്താൻ ശ്രമിക്കുവാനും സഭയോടൊപ്പം യാത്ര ചെയ്യുവാനും വൈദികരെ കണ്ടുമുട്ടുവാനും പാപ്പ യുവജനങ്ങളോട് ആഹ്വാനം ചെയ്തു. കഷ്ടപ്പാടുകളെന്നും യാഥാർഥ്യമാണെന്നും, നിരാശ നിറഞ്ഞ ജീവിതത്തിൽ, യേശുവുമായുള്ള സമ്പർക്കം ജീവിതത്തിൽ ആത്മവിശ്വാസം വീണ്ടെടുക്കുവാനും രോഗത്തിൽ നിന്ന് സുഖം പ്രാപിക്കുവാനും, ജീവിതത്തിലേക്ക് മടങ്ങാൻ വീണ്ടും എഴുന്നേൽക്കുവാനും നമ്മെ പ്രാപ്തരാക്കുന്നുവെന്നും പാപ്പ ചൂണ്ടിക്കാട്ടി.
സമ്മർദ്ദങ്ങൾക്കും പ്രതീക്ഷകൾക്കും പിരിമുറുക്കങ്ങൾക്കും ആളുകളെ വിധേയമാക്കുന്ന ഒരു സാഹചര്യത്തിൽ മാനസികാരോഗ്യം വീണ്ടെടുക്കുക എന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നും പാപ്പ പറഞ്ഞു. തന്റെ ഇഹലോക വാസത്തിന്റെ അവസാനം യേശു അനുഭവിച്ച വേദകളെയും കഷ്ടപ്പാടുകളെയും പാപ്പ സൂചിപ്പിച്ചു. അന്ത്യ അത്താഴത്തിന്റെയും ഗത്സെമനിയിലെ പ്രാർത്ഥനയുടെയും നിമിഷങ്ങളെയും, കുരിശിൽ മരിക്കുന്നതിനു തൊട്ടുമുമ്പ് ഭൂമിയെങ്ങും അന്ധകാരം ബാധിച്ചതും ചൂണ്ടിക്കാണിച്ച പാപ്പ, ദൈവപുത്രൻ മനുഷ്യരാശിയുടെ എല്ലാ ദുഃഖവും ഏകാന്തതയും കഷ്ടപ്പാടുകളും സ്വന്തം ജഡത്തിൽ ഏറ്റെടുത്തുവെന്നു വിശദീകരിച്ചു. നമ്മുടെ വേദന പങ്കുവെക്കുകയും, നമ്മുടെ ദുഃഖങ്ങളുടെ ഭാരം വഹിക്കുകയും, നമ്മോടൊപ്പം കഷ്ടപ്പെടുകയും, നാം കരയുമ്പോൾ, സ്നേഹവും കരുണയും നിറഞ്ഞ തന്റെ സാന്നിധ്യത്തോടെ നമ്മുടെ അരികിൽ നിൽക്കുന്ന ഒരു കരുണാമയുള്ള ദൈവത്തിന്റെ മുഖമാണ് ഇവിടെ വെളിപ്പെടുന്നതെന്നും പാപ്പാ പറഞ്ഞു.
യേശുവിന്റെ കുരിശ് നമ്മോട് പറയുന്നത് , ദൈവം നമ്മെ കൈവിടുന്നില്ല എന്നും , വേദനയുടെയും അങ്ങേയറ്റത്തെ ഏകാന്തതയുടെയും നിമിഷത്തിൽ അവൻ നമ്മോടുകൂടെ കുരിശിൽ തറയ്ക്കപ്പെടുന്നു എന്നും , അവൻ നമ്മുടെ കണ്ണുനീർ മാത്രമല്ല, മറ്റുള്ളവർ കേൾക്കാത്ത നമ്മുടെ കഷ്ടപ്പാടിന്റെ നിലവിളി പോലും കേൾക്കുന്നു എന്നുമാണെന്നു പാപ്പാ പറഞ്ഞു. ഏറ്റവും പ്രയാസകരവും വേദനാജനകവുമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ, നമ്മുടെ ഹൃദയത്തിൽ വഹിക്കുന്ന ഭാരങ്ങൾ ഒരിക്കൽ കൂടി അവനെ ഏൽപ്പിക്കുകയും, നിലവിളി ഉയർത്തുകയും വേണമെന്നും പാപ്പാ എടുത്തുപറഞ്ഞു. ജീവിതത്തിന്റെ പുനർജനനം ദൈവത്തോടൊപ്പം മാത്രമാണ് സാധ്യമാകുന്നതെന്നും പാപ്പ കൂട്ടിച്ചേർത്തു.
നമ്മെ വേദനിപ്പിച്ചവരോട് ക്ഷമിക്കുവാൻ സാധിക്കുക എന്നത്, ദൈവകൃപയുടെ ഒരു അടയാളം തന്നെയാണെന്ന് പാപ്പാ എടുത്തു പറഞ്ഞു. പല കുറ്റകൃത്യ വാർത്തകളും, ഇന്നും കുടുംബ ബന്ധങ്ങളിലെ വിഷലിപ്തമായ അന്തരീക്ഷത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും, ദുരുപയോഗവും അടിച്ചമർത്തലും, പ്രത്യേകിച്ച് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും, നിർഭാഗ്യവശാൽ പലപ്പോഴും സ്ത്രീഹത്യകളിലേക്കും നയിക്കുന്നുവെന്നും പാപ്പ ചൂണ്ടിക്കാട്ടി. വ്യക്തിപരമായും ഒരു സമൂഹമെന്ന നിലയിലും ഈ നാടകീയ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പ പറഞ്ഞു.