പ്രതിസന്ധിയിലും ആത്മീയതയുടെ കത്തുന്ന അഗ്‌നി കാത്തുസൂക്ഷിക്കണം: സമര്‍പ്പിതരോട് ലെയോ പാപ്പ
വത്തിക്കാന്‍ സിറ്റി: പ്രതിസന്ധികളുടെയും ബുദ്ധിമുട്ടുകളുടെയും ഇടയിലും സജീവമായ സമര്‍പ്പിതജീവിതം നയിക്കാന്‍ സമര്‍പ്പിതരോട് ആഹ്വാനവുമായി ലെയോ പതിനാലാമന്‍ പാപ്പ.
ഇന്നലെ സെപ്റ്റംബര്‍ 30 ബുധനാഴ്ച ഡൊമിനിക്കന്‍ സന്യാസ സമൂഹത്തിന്റെ സമര്‍പ്പിതരുടെ അന്താരാഷ്ട്ര കമ്മീഷന്‍ അംഗങ്ങള്‍ക്ക് വത്തിക്കാനില്‍ അനുവദിച്ച കൂടിക്കാഴ്ച മദ്ധ്യേ സംസാരിക്കവെയാണ് സമര്‍പ്പിത ജീവിതത്തിലുണ്ടാകേണ്ട മനോഭാവത്തെക്കുറിച്ച് പാപ്പ പരാമര്‍ശിച്ചത്.
സമര്‍പ്പിതര്‍ തങ്ങളിലെ ആത്മീയതയുടെ അഗ്നി സജീവമാണെന്ന് ഉറപ്പുവരുത്തണമെന്ന് ഓര്‍മ്മിപ്പിച്ച പാപ്പ, ഡൊമിനിക്കന്‍ സന്യാസിനികളുടെ സമര്‍പ്പിതജീവിതവും സേവനങ്ങളും സഭയ്ക്ക് ഏറെ വിലപ്പെട്ടതാണെന്നും പറഞ്ഞു.
ധ്യാനാത്മക ജീവിതം നയിക്കുന്ന ഈ സന്യാസിനികളുടെ ജീവിതത്തിലുണ്ടാകേണ്ട നിശ്ശബ്ദതയുടെയും ധ്യാനത്തിന്റെയും പ്രാധാന്യത്തിലേക്കും പരിശുദ്ധ പിതാവ് ഏവരുടെയും ശ്രദ്ധ ക്ഷണിച്ചു.
പ്രായമുള്ള സമര്‍പ്പിതര്‍ കൂടിവരുന്ന അവസ്ഥ, പുതിയ ദൈവവിളികളുടെ കുറവ്, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, സ്ഥാപനങ്ങളുടെ പരിപാലനം തുടങ്ങി നിരവധി വെല്ലുവിളികളാണ് ഇന്ന് പല സമര്‍പ്പിതസമൂഹങ്ങളും നേരിടുന്നതെന്ന് പരിശുദ്ധ പിതാവ് അനുസ്മരിച്ചു.
ഈയൊരു സാഹചര്യത്തിന്റെ കൂടി പശ്ചാത്തലത്തില്‍ സംയുക്ത പരിശീലനം, വിവിധ സംസ്‌കാരങ്ങളില്‍ നിന്നുള്ള അംഗങ്ങളുടെ സഹവാസം, സമൂഹങ്ങളുടെ ഘടന തുടങ്ങി വിവിധ യാഥാര്‍ത്ഥ്യങ്ങളും വെല്ലുവിളികളും സമര്‍പ്പിതസമൂഹങ്ങള്‍ക്ക് മുന്നിലുണ്ടെന്ന് പാപ്പ സ്മരിച്ചു.
ശൂന്യമാകുന്ന സ്ഥാപനങ്ങളെ എങ്ങനെ നിലനിര്‍ത്താമെന്ന ചിന്തയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, പരിശുദ്ധാത്മാവ് ഇന്ന് സമര്‍പ്പിതരോട് ആവശ്യപ്പെടുന്നതെന്താണെന്ന് ശ്രവിക്കാന്‍ പരിശ്രമിക്കണം. ദൈവവിളിയുടെ ''കത്തുന്ന അഗ്‌നി'' അണയാതെ സംരക്ഷിക്കണം.
ചടുലതയും നൈമിഷകതയും സ്ഥാനം പിടിക്കുന്ന ഇന്നത്തെ ലോകത്ത് നിശബ്ദതയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്ന് പറഞ്ഞ പാപ്പ, പ്രാര്‍ത്ഥനയ്ക്കും പരസ്പര ശ്രവണത്തിനും അനുരഞ്ജനത്തിനും നല്‍കേണ്ട പ്രാധാന്യവും, അതുവഴി മഠങ്ങള്‍ക്ക് സമാധാനത്തിന്റെ ഇടങ്ങളായി മാറാനുള്ള സാധ്യതയും ഓര്‍മ്മിപ്പിച്ചു.