“പുതിയൊരു മാനവികതയുടെ സ്പർശമായി മാറൂ”: സ്‌പെയിനിലെ യുവജനങ്ങളോട് ലെയോ പാപ്പ
പുതിയൊരു മാനവികതയുടെ സ്പർശമായി മാറണമെന്ന് സ്‌പെയിനിലെ യുവജനങ്ങളോട് ലെയോ പതിനാലാമൻ പാപ്പ പറഞ്ഞു.
സ്പെയിൻ സന്ദർശനത്തിന്റെ ഭാഗമായി മാഡ്രിഡിൽ സംഘടിപ്പിച്ച ജാഗരണ പ്രാർഥനയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പാപ്പ.
മെച്ചപ്പെട്ടൊരു ലോകസൃഷ്ടിക്കായി ചരിത്രം തിരുത്തിക്കുറിക്കാൻ യുവജനങ്ങളെ സുവിശേഷത്തിന്റെ ദൂതന്മാരാകണമെന്ന്, യുവപ്രതിനിധികളുമായി നടത്തിയ ചോദ്യോത്തര വേളയിൽ മാർപാപ്പ ആഹ്വാനം ചെയ്തു.
സ്പെയിൻ സന്ദർശനത്തിന്റെ ആദ്യദിനത്തിലെ സമാപന ചടങ്ങുകൾ മാഡ്രിഡിലെ ‘പ്ലാസ ഡി ലിമ’യിലാണ് നടന്നത്. ആറ് ലക്ഷത്തിലധികം യുവജനങ്ങളാണ് പ്രധാന വീഥികളിലും പരിസരത്തുമായി ഈ പ്രാർത്ഥനാ യജ്ഞത്തിൽ അണിനിരന്നത്. ആധുനിക യുഗത്തിലെ വിശ്വാസം, സാക്ഷ്യം, ജീവിതം എന്നിവയെക്കുറിച്ച് യുവജനങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മാർപാപ്പ നേരിട്ട് മറുപടി നൽകി. ദിവ്യകാരുണ്യ ആരാധനയോടെയാണ് ശനിയാഴ്ചത്തെ തിരക്കേറിയ ഔദ്യോഗിക പരിപാടികൾക്ക് സമാപനമായത്.
ഇന്നത്തെ യുവതലമുറ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് മാഡ്രിഡ് മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് കാർഡിനൽ ഹോസെ കോബോ കാനോ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
തുടർന്ന് യുവാക്കളുടെ ചോദ്യങ്ങൾക്ക് മറുപടിയായി, തന്റെ വിശ്വാസജീവിതത്തെ സ്വാധീനിച്ച വിശുദ്ധ ജോൺ ക്രിസോസ്റ്റം, വിശുദ്ധ തോമസ് ഓഫ് വില്ലനോവ, വിശുദ്ധ തുരിബിയസ് എന്നിവരുടെ മാതൃകകൾ മാർപാപ്പ ചൂണ്ടിക്കാട്ടി.
പെറുവിലെ തന്റെ മിഷണറി ജീവിതകാലത്ത് കഷ്ടപ്പാടുകൾ നിറഞ്ഞ സമൂഹങ്ങളുമായുള്ള സമ്പർക്കം തന്റെ വിശ്വാസത്തെ എങ്ങനെ ആഴപ്പെടുത്തുകയും മാറ്റിമറിക്കുകയും ചെയ്തുവെന്നും പാപ്പ അനുസ്മരിച്ചു.
ഡിജിറ്റൽ ലോകമുൾപ്പെടെയുള്ള സമൂഹത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരുന്ന പ്രതിനിധികളാകാൻ മാർപാപ്പ യുവജനങ്ങളോട് ആഹ്വാനം ചെയ്തു.