'വിശുദ്ധി ജനിക്കുന്നത് ഈശോയുടെ തിരുഹൃദയവുമായുള്ള ഐക്യത്തില്‍ നിന്നാണ്'' വൈദികരോട് ലെയോ പാപ്പ
ഈശോയുടെ തിരുഹൃദയ തിരുനാളിനോടനുബന്ധിച്ച് ജൂണ്‍ 12-ന് ആചരിച്ച ആഗോള വൈദിക വിശുദ്ധീകരണ പ്രാര്‍ഥനാ ദിനത്തില്‍, പുരോഹിതര്‍ക്ക് ശക്തമായ സന്ദേശവുമായി ലെയോ പതിനാലാമന്‍ മാര്‍പാപ്പ.
ക്രിസ്തുവുമായുള്ള ആഴമായ ഐക്യത്തില്‍ നിന്ന് വിശുദ്ധി വീണ്ടെടുക്കാനും അവിടുത്തെ സ്‌നേഹത്താല്‍ രൂപാന്തരപ്പെടാന്‍ തങ്ങളെത്തന്നെ വിട്ടുകൊടുക്കാനും മാര്‍പാപ്പ വൈദിക സമൂഹത്തോട് ആഹ്വാനം ചെയ്തു.

പ്രത്യേക ദിനത്തോടനുബന്ധിച്ച് അയച്ച സന്ദേശത്തില്‍, വിശുദ്ധിയിലേക്കുള്ള വിളി എന്നത് പല ഓപ്ഷനുകളില്‍ ഒന്നോ അല്ലെങ്കില്‍ കേവലം ഒരു ആദര്‍ശമോ അല്ലെന്ന് ലെയോ പാപ്പ ഓര്‍മ്മിപ്പിച്ചു.
ഉത്ഥിതനായ ക്രിസ്തുവിന്റെ ജീവനില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയുടെയും അസ്തിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് ഈ വിളി.
ദൈവം എല്ലാവരെയും തന്റെ സ്വന്തം വിശുദ്ധിയില്‍ പങ്കുചേരാന്‍ ക്ഷണിക്കുന്നുണ്ടെന്നും, പുരോഹിതരെ സംബന്ധിച്ചിടത്തോളം ഈ വിളി ഈശോയുടെ തിരുഹൃദയത്തോട് കൂടുതല്‍ അനുരൂപപ്പെടുക എന്നതാണെന്നും പാപ്പ വ്യക്തമാക്കി.
''നമ്മോട് ആവശ്യപ്പെട്ടിരിക്കുന്ന വിശുദ്ധി എന്നത് പൂര്‍ണ്ണമായ ശരണപ്പെടലാണ്; പരിശുദ്ധാത്മാവിനാല്‍ രൂപാന്തരപ്പെടാന്‍ നമ്മെത്തന്നെ വിട്ടുകൊടുക്കലാണത്,'' മാര്‍പാപ്പ എഴുതി.
''ദൈവത്തിന്റെ അതേ വിശുദ്ധിയില്‍ പങ്കുചേരാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്, എന്നാല്‍ ഈ നിധി നാം മണ്‍പാത്രങ്ങളിലാണ് സൂക്ഷിക്കുന്നത്.
നമ്മള്‍ പരിമിതികളും പോരായ്മകളും ഉള്ളവരാണ്; പലപ്പോഴും ബലഹീനതകളും തളര്‍ച്ചകളും മുറിവുകളും നമ്മെ വേട്ടയാടാറുണ്ട്.
ഈ യാഥാര്‍ത്ഥ്യത്തിന് മുന്നില്‍ പുരോഹിതന് ശാന്തി ലഭിക്കുന്നത് ക്രിസ്തുവിലാണ്.'' പാപ്പ കൂട്ടിച്ചേര്‍ത്തു.
ക്രിസ്തുവിന്റെ തിരുഹൃദയവുമായുള്ള ഐക്യം എന്നത് ചുരുക്കം ചിലര്‍ക്ക് മാത്രം കരുതിവെച്ചിട്ടുള്ള ഒന്നല്ല, മറിച്ച് വിശുദ്ധ കുര്‍ബാന, പ്രാര്‍ഥന, ദൈവവചന ധ്യാനം, മറ്റുള്ളവര്‍ക്കുള്ള സേവനം എന്നിവയിലൂടെ ഓരോ ദിവസവും ഇത് ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ലെയോ പതിനാലാമന്‍ മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.
അനുദിന ബലിയര്‍പ്പണം, പ്രാര്‍ഥന, വചനധ്യാനം, എളിയ ശുശ്രൂഷ എന്നിവയിലൂടെ കൃപാവരത്തിന്റെ ദാനം എപ്പോഴും നമ്മില്‍ ജ്വലിപ്പിച്ചു നിര്‍ത്തേണ്ടത് ആവശ്യമാണ്.