‘നിങ്ങളുടെ ദൈവവിളിയെക്കുറിച്ച് ദൈവത്തോട് തന്നെ ചോദിക്കുക’: പോർച്ചുഗലിലെ യുവാക്കളോട് ലെയോ പാപ്പ

 
leo

പോർച്ചുഗലിൽ നിന്നുള്ള യുവാക്കൾക്ക് ശക്തമായ സന്ദേശവും ആഹ്വാനവുമായി ലെയോ പതിനാലാമൻ മാർപ്പാപ്പ. സ്വന്തം ജീവിതത്തിന്റെ ലക്ഷ്യവും ദൈവവിളിയും എന്താണെന്ന് തിരിച്ചറിയാൻ ദൈവത്തോട് നേരിട്ട് പ്രാർത്ഥനയിലൂടെ ചോദിക്കാൻ മാർപ്പാപ്പ യുവാക്കളോട് ആവശ്യപ്പെട്ടു. ദേശീയ യുവജന ദിനത്തിന്റെ ഭാഗമായി പോർച്ചുഗലിലെ ലമേഗോ നഗരത്തിൽ ജൂലൈ 24 മുതൽ 26 വരെ നടക്കുന്ന ‘രണ്ടാം റീജോയ്സ് മീറ്റിംഗിലേക്ക്’ അയച്ച വീഡിയോ സന്ദേശത്തിൽ ആണ് പാപ്പാ യുവജനകളോട് ഇക്കാര്യം ആഹ്വാനം ചെയ്തത്.

“ജീവിതത്തിൽ ഏത് വഴിയാണ് തിരഞ്ഞെടുക്കേണ്ടതെന്ന് സംശയമുള്ളപ്പോൾ, മറ്റുള്ളവരുടെ ശബ്ദത്തേക്കാൾ ദൈവത്തിന്റെ ശബ്ദത്തിന് കാതോർക്കുക. ദൈവമേ, എന്നെക്കുറിച്ചുള്ള അങ്ങയുടെ പദ്ധതി എന്താണ്? എന്ന് പ്രാർത്ഥനയിൽ ചോദിക്കുക”- പാപ്പാ ആഹ്വാനം ചെയ്തു. 2027 ഓഗസ്റ്റിൽ ദക്ഷിണ കൊറിയയിലെ സോൾ (Seoul) നഗരത്തിൽ വെച്ച് നടക്കുന്ന അടുത്ത ലോക യുവജന ദിനത്തിൽ പോർച്ചുഗലിലെ യുവാക്കളെ വീണ്ടും കാണാൻ ആഗ്രഹിക്കുന്നതായും മാർപ്പാപ്പ തന്റെ സന്ദേശത്തിൽ വ്യക്തമാക്കി.

“നമ്മുടെ കാലഘട്ടത്തിൽ, നിങ്ങളെപ്പോലുള്ള യുവാക്കൾ—വിശ്വാസം നിറഞ്ഞവരായി, അത് പ്രഘോഷിക്കാൻ ഭയമില്ലാതെ ജീവിക്കുന്നത് കാണുന്നത് വളരെ മനോഹരമാണ്! സത്യത്തിനുവേണ്ടിയുള്ള ആഴമായ ദാഹം നിങ്ങൾക്കുണ്ടെന്നതും, ആത്മാർത്ഥമായ ഹൃദയത്തോടെ നിങ്ങൾ അത് അന്വേഷിക്കുന്നു എന്നതും കാണുന്നത് മനോഹരമായ ഒരു കാര്യമാണ്. അസ്വസ്ഥത എന്നത് യുവാക്കളുടെ സവിശേഷതകളിൽ ഒന്നാണ്. നിങ്ങളുടെ ഉള്ളിലെ ആ അസ്വസ്ഥതയെ ഓർത്ത് ഭയപ്പെടേണ്ടതില്ല! ആ ഊർജ്ജത്തെ ക്രിസ്തുവിലേക്ക് കൂടുതൽ അടുക്കാനും സുവിശേഷ മൂല്യങ്ങൾക്ക് സാക്ഷ്യം വഹിക്കാനും പ്രയോജനപ്പെടുത്തുക”- പാപ്പാ കൂട്ടിച്ചേർത്തു.

Tags

Share this story

From Around the Web