പഠനത്തെ വെറും വിവര ശേഖരണമായി കണക്കാക്കുന്ന പ്രവണതയ്ക്കെതിരെ ലെയോ പാപ്പ
ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളെ വെറും വിവരശേഖരണം മാത്രമായി കണക്കാക്കുന്ന പ്രവണതയ്ക്കെതിരെ ലെയോ പതിനാലാമന്‍ പാപ്പ മുന്നറിയിപ്പ് നല്‍കി. റോമിലെ പൊന്തിഫിക്കല്‍ സര്‍വകലാശാലകളിലെ അധ്യയന വര്‍ഷാരംഭത്തോട് അനുബന്ധിച്ച് നടന്ന ദിവ്യബലിയില്‍ ആണ് പാപ്പ ഇപ്രകാരം ഒരു മുന്നറിയിപ്പ് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മുന്നിലേയ്ക്ക് വച്ചത്.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വച്ച് ഒക്ടോബര്‍ എട്ടിന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ പാപ്പ പൊന്തിഫിക്കല്‍ സര്‍വകലാശാലകളുടെ ദൗത്യം, വിശ്വാസ ജീവിതത്തില്‍ വിമര്‍ശനാത്മക ചിന്തയുടെ പ്രാധാന്യം, അക്കാദമിക പഠനങ്ങളെ സാധാരണക്കാരുടെയും പ്രത്യേകിച്ച് പാവപ്പെട്ടവരുടെയും അനുഭവങ്ങളുമായി ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ചും സംസാരിച്ചു. ബൗദ്ധികമായ അന്വേഷണം വിശ്വാസത്തിനും അത് പ്രചരിപ്പിക്കുന്നതിനുള്ള ദൗത്യത്തിനും അത്യന്താപേക്ഷിതമാണെന്നും പാപ്പ ഓര്‍മിപ്പിച്ചു.
''എല്ലാ കാലഘട്ടങ്ങളിലും തങ്ങളുടെ സ്വന്തം സ്വാര്‍ഥ താല്പര്യങ്ങള്‍ക്കായി അനേകം വിശ്വാസികളുടെ മതവികാരങ്ങളെ മുതലെടുക്കുന്ന വ്യാജ അധ്യാപകര്‍ ഉണ്ടായിട്ടുണ്ട്. ക്രിസ്തുവിനെയും സുവിശേഷത്തെയും തഴഞ്ഞുകൊണ്ട്, പഠിപ്പിച്ച കാര്യങ്ങളില്‍ ചിലതിനെ മാത്രം തീവ്രമായി വ്യാഖ്യാനിക്കാന്‍ ഇക്കൂട്ടര്‍ ആളുകളെ പ്രേരിപ്പിക്കുന്നു''- പാപ്പ മുന്നറിയിപ്പ് നല്‍കി. ഒപ്പം തങ്ങളുടെ അക്കാദമിക പഠനങ്ങളെ സഭയ്ക്കുള്ള സേവനമായും സത്യത്തെ കണ്ടെത്താനുള്ള പരിശ്രമമായും കാണാന്‍ വിദ്യാര്‍ഥികളോടും അധ്യാപകരോടും പാപ്പ ആഹ്വാനം ചെയ്തു.
ദൈവം വെളിപ്പെടുത്തിയ സത്യങ്ങളെ കൃത്യതയോടെ സംരക്ഷിക്കാനും, അത് പ്രാര്‍ഥനയിലൂടെയും പഠനത്തിലൂടെയും സംസ്‌കാരത്തിലൂടെയും ജീവിതത്തിലേക്ക് പകര്‍ത്തി വികസിപ്പിക്കാനും സഭയ്ക്ക് ആഗ്രഹവും ഉത്തരവാദിത്തവുമുണ്ടെന്ന് പാപ്പ വ്യക്തമാക്കി. വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കുന്നതും, സ്വന്തം അനുഭവങ്ങളിലൂടെ കാര്യങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കുന്നതും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിച്ച പാപ്പ, മനുഷ്യന്റെ ബുദ്ധിയും സാങ്കേതികവിദ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും സംസാരിച്ചു.