ഗാസയില്‍ ക്രൈസ്തവര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇടവക വികാരിക്ക് സന്ദേശമയച്ച് ലെയോ പാപ്പ
ഗാസ: കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഗാസ സിറ്റിയിലെ റിമാല്‍ പ്രദേശത്തു ക്രൈസ്തവര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടതിന് പിന്നാലെ ഇടവക വികാരിക്ക് സന്ദേശമയച്ച് ലെയോ പാപ്പ. ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെ 5 സാധാരണക്കാര്‍ കൊല്ലപ്പെടുകയും, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു പശ്ചാത്തലത്തിലാണ് ഗാസയിലെ ഹോളി ഫാമിലി ഇടവക വികാരിയായ ഫാ. ഗബ്രിയേല്‍ റൊമാനല്ലിയ്ക്കു ലെയോ പതിനാലാമന്‍ പാപ്പ സന്ദേശമയച്ചത്.
യുദ്ധത്തിനിടയില്‍ ദീര്‍ഘകാലം 'ഹോളി ഫാമിലി കത്തോലിക്ക ദേവാലയത്തില്‍ അഭയം പ്രാപിച്ച ശേഷം അടുത്തിടെ താമസം മാറി പുതുജീവിതം ആരംഭിച്ച മൈസ ഖാദര്‍ ഇബ്രാഹിം അബു ദാവൂദ്, മേരി ഹാഫെസ് മിഷേല്‍ അല്‍-നജ്ജാര്‍ എന്നിവരാണ് കൊല്ലപ്പെട്ട ക്രൈസ്തവ വനിതകള്‍. മൈസയുടെയും മേരിയുടെയും വിയോഗവാര്‍ത്ത അറിഞ്ഞതുമുതല്‍ ഞാന്‍ അവര്‍ക്കായും അവരുടെ കുടുംബങ്ങള്‍ക്കായും ഗാസയിലെ മുഴുവന്‍ സമൂഹത്തിനായും പ്രാര്‍ത്ഥിക്കുന്നതായി പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. ഇടവകയിലെ ജനങ്ങള്‍ക്കും സമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന നിരവധിയാളുകള്‍ക്കും തുണ നല്‍കുന്ന ദൈവത്തിനു നന്ദി പറയുകയാണെന്നും വാട്‌സാപ്പില്‍ അയച്ച സന്ദേശത്തില്‍ പാപ്പ കുറിച്ചു.
പാപ്പയുടെ ഈ സന്ദേശം പ്രാര്‍ത്ഥനയും വലിയ ആശ്വാസമാണെന്ന് ഫാ. റൊമാനല്ലി വത്തിക്കാന്‍ മാധ്യമത്തോട് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും, ഇന്നും തുടരുന്ന ആക്രമണങ്ങളില്‍ വന്‍ ആശങ്കയാണ് പ്രാദേശിക സഭ പങ്കുവെക്കുന്നത്. യുദ്ധത്തില്‍ ഇതുവരെ 62 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടതായി ഫാ. റൊമാനല്ലി പറയുന്നു. ജെറുസലേമിലെ ലാറ്റിന്‍ പാത്രിയര്‍ക്കീസായ കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ലയും ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കല്‍ വികാരിയായ മെട്രോപൊളിറ്റന്‍ അലക്‌സിയോസും ആക്രമണത്തെ അപലപിച്ചു.