സ്വാതന്ത്ര്യദിനത്തില്‍ യുക്രൈന് കത്തയച്ച് ലെയോ പാപ്പ. നന്ദി അറിയിച്ച് പ്രസിഡന്റ് സെലെന്‍സ്‌കി

കീവ്: യുക്രൈനിന്റെ സ്വാതന്ത്ര്യദിനത്തില്‍, യുദ്ധം തകര്‍ത്ത രാഷ്ട്രത്തിന് പ്രാര്‍ത്ഥനയും പിന്തുണയും അറിയിച്ച് ലെയോ പതിനാലാമന്‍ പാപ്പയുടെ കത്ത്. പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയ്ക്കു അയച്ച കത്തില്‍ പിതൃവാത്സല്യം പ്രകടമാക്കിയാണ് ലെയോ പതിനാലാമന്‍ മാര്‍പാപ്പ കത്തെഴുതിയത്.
തന്റെ സാമൂഹ്യ മാധ്യമ അക്കൌണ്ടുകള്‍ വഴി സെലെന്‍സ്‌കി തന്നെയാണ് കത്ത് പങ്കുവെച്ചത്. നിങ്ങളുടെ ദേശത്തെ നശിപ്പിക്കുന്ന അക്രമത്തില്‍ മുറിവേറ്റ ഹൃദയത്തോടെ, എല്ലാ യുക്രേനിയന്‍ ജനതയ്ക്കും വേണ്ടിയുള്ള തന്റെ പ്രാര്‍ത്ഥന നിങ്ങള്‍ക്ക് ഉറപ്പുനല്‍കുകയാണെന്ന് പാപ്പ കുറിച്ചു.
പരിക്കേറ്റവരെയും, പ്രിയപ്പെട്ടവരെ ഓര്‍ത്ത് ദുഃഖിക്കുന്നവരെയും, വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുന്നവരെയും പാപ്പ പ്രത്യേകം സ്മരിച്ചു. കഷ്ടപ്പെടുന്നവരെ ആശ്വസിപ്പിക്കാനും, പരിക്കേറ്റവരെ ശക്തിപ്പെടുത്താനും, മരിച്ചവര്‍ക്ക് നിത്യശാന്തി ലഭിക്കാനും ലെയോ പാപ്പ പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തു.
ആയുധങ്ങളുടെ ശബ്ദം നിശബ്ദമാക്കപ്പെടുകയും എല്ലാവരുടെയും നന്മയ്ക്കായി സമാധാനപരമായ ഒരു വഴി തുറക്കുമെന്ന പ്രതീക്ഷയും പാപ്പ കത്തില്‍ പങ്കുവെച്ചു. രാജ്യത്തെ ദൈവമാതാവിന് സമര്‍പ്പിച്ചുക്കൊണ്ടാണ് കത്ത് അവസാനിക്കുന്നത്.
വിനാശകരമായ യുദ്ധത്തിനിടയില്‍ യുക്രൈനിലെ ജനങ്ങള്‍ക്ക് നല്‍കിയ ചിന്താപൂര്‍വ്വമായ വാക്കുകള്‍ക്കും പ്രാര്‍ത്ഥനയ്ക്കും പിന്തുണയ്ക്കും പാപ്പയോട് നന്ദി പറയുകയാണെന്ന് സെലെന്‍സ്‌കി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ രേഖപ്പെടുത്തി.
രാജ്യം ദീര്‍ഘകാലമായി കാത്തിരുന്ന സമാധാനം കൈവരിക്കണമെന്നാണ് ഞങ്ങളുടെ എല്ലാ പ്രതീക്ഷകളും. നന്മ, വിശ്വാസം, നീതി എന്നിവ നിലനില്‍ക്കട്ടെ.
പാപ്പയുടെ ധാര്‍മ്മിക നേതൃത്വത്തെയും അപ്പസ്‌തോലിക പിന്തുണയേയും അഭിനന്ദിക്കുകയാണെന്നും യുക്രൈന്‍ പ്രസിഡന്റ് പോസ്റ്റില്‍ കുറിച്ചു. അതേസമയം ലെയോ പാപ്പയുടെ നിര്‍ദ്ദേശാനുസരണം കഴിഞ്ഞ മാസവും വത്തിക്കാനില്‍ നിന്ന് യുക്രൈനിലേക്ക് സഹായമെത്തിച്ചിരിന്നു.