ക്രൈസ്തവരായ സൈനികരുടെ ദൗത്യം സമാധാനവും ദുര്‍ബലരുടെ സംരക്ഷണവുമെന്ന് ലെയോ പാപ്പ
ക്രൈസ്തവരായ സൈനികരുടെ യഥാര്‍ഥ ദൗത്യം ദുര്‍ബലരെ സംരക്ഷിക്കുക എന്നതാണെന്നും സമാധാനത്തിനായി അവര്‍ സജീവമായി പരിശ്രമിക്കണമെന്നും ലെയോ പതിനാലാമന്‍ പാപ്പ ആഹ്വാനം ചെയ്തു. ഇറ്റാലിയന്‍ മിലിട്ടറി ഓര്‍ഡിനറിയേറ്റിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വത്തിക്കാനിലെ അപ്പോസ്‌തോലിക് കൊട്ടാരത്തില്‍ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.
''സൈനിക സേവനം കേവലം ഒരു തൊഴിലല്ല മറിച്ച് മനസ്സാക്ഷിയുടെ വിളിയോട് പ്രതികരിക്കുന്ന ഒരു ദൈവിക വിളിയാണ്. സമാധാനം എന്നത് സംഘര്‍ഷങ്ങളുടെ അഭാവം മാത്രമല്ല മറിച്ച് നീതിയും സത്യവും സ്‌നേഹവും നിറഞ്ഞ അവസ്ഥയാണ്''- പാപ്പ വ്യക്തമാക്കി.
സൈനിക നിയമങ്ങളും ദൗത്യങ്ങളും സുവിശേഷ മൂല്യങ്ങളാല്‍ നയിക്കപ്പെടണം. ജനങ്ങളുടെ പൊതുനന്മയ്ക്കായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്. സമാധാനത്തിനായി സ്വന്തം ജീവന്‍ ബലിനല്‍കിയ സൈനികരുടെ ത്യാഗത്തെ അനുസ്മരിച്ച പാപ്പ ആധുനിക ലോകത്തിലെ വെല്ലുവിളികള്‍ക്കിടയില്‍ വിശ്വാസത്തിന് സാക്ഷ്യം നല്‍കാന്‍ എല്ലാവരെയും പ്രോത്സാഹിപ്പിച്ചു.