കര്‍ത്താവ് നമ്മെ ഏല്‍പ്പിച്ച ഏറ്റവും മനോഹരമായ സമ്മാനം പരിശുദ്ധ സഭയാണെന്ന് ലിയോ പാപ്പ: ദിവ്യബലിയില്‍ പങ്കുചേര്‍ന്നത് 25 ലക്ഷം വിശ്വാസികള്‍
ബ്യൂണസ് അയേഴ്‌സ്: ലാറ്റിന്‍ അമേരിക്കന്‍ പര്യടനത്തിന്റെ ഭാഗമായി അര്‍ജന്റീനയില്‍ സന്ദര്‍ശനം തുടരുന്ന ലെയോ പാപ്പ, ഇന്നലെ ബ്യൂണസ് അയേഴ്‌സില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത് 25 ലക്ഷം വിശ്വാസികള്‍. ഇന്നലെ ബ്യൂണസ് അയേഴ്ഡിലെ, സ്പാനിഷ് സ്മാരകത്തില്‍ അര്‍പ്പിച്ച ബലിയില്‍ പങ്കുചേരാനാണ് ലക്ഷകണക്കിന് വിശ്വാസികള്‍ ഒരുമിച്ച് എത്തിയത്. കര്‍ത്താവ് നമ്മെ ഏല്‍പ്പിച്ച ഏറ്റവും മനോഹരമായ സമ്മാനം അവിടുത്തെ പരിശുദ്ധ സഭയാണെന്നും, ദൈവജനം അവിടത്തോട് നന്ദി പറയാന്‍ ഒരേ മേശയ്ക്ക് ചുറ്റും ഒത്തുകൂടുമ്പോഴെല്ലാം ഈ മനോഹാരിത അനുഭവിക്കുവാന്‍ ഏവര്‍ക്കും സാധിക്കുന്നുവെന്നും ലെയോ പാപ്പ വചന സന്ദേശത്തില്‍ പാപ്പ പറഞ്ഞു.
വിശ്വാസത്താല്‍ സജീവമായ കുടുംബങ്ങള്‍ കൂട്ടായ്മയില്‍ ജീവിക്കുകയും, സുവിശേഷം പ്രഘോഷിക്കുന്നതിനുള്ള ശുശ്രൂഷയില്‍ സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍, സഭാചൈതന്യത്തിന്റെ ഉത്സാഹം വീണ്ടെടുക്കപ്പെടുകയാണെന്നു പാപ്പ പറഞ്ഞു. ദേവാലയ ശുദ്ധീകരണത്തെ ഉദ്ധരിച്ച പാപ്പ ദൈവത്തോട് വിലപേശാന്‍ മനുഷ്യരാശി എല്ലായ്‌പ്പോഴും പ്രലോഭിപ്പിക്കപ്പെടുന്നുവെന്നു ചൂണ്ടിക്കാട്ടി.
നമുക്ക് എല്ലാ നന്മയും നല്‍കാന്‍ എപ്പോഴും തയ്യാറുള്ള പിതാവാണ് ദൈവം, അതിനാല്‍ ആ ദൈവത്തിന്റെ സാന്നിധ്യത്തിന്റെ വാസസ്ഥലമായ ദേവാലയം തന്റെ എല്ലാ മക്കള്‍ക്കും പ്രാര്‍ത്ഥനാഭവനമായി നല്കിയിരിക്കുന്നു.
ഇന്ന് ഏറെ സങ്കീര്‍ണ്ണമായ അവസ്ഥകളിലൂടെയാണ് കുടുംബങ്ങള്‍ കഴിയുന്നത്. എന്നാല്‍ ഈ കഷ്ടപ്പാടുകള്‍ക്കും പ്രതിസന്ധികള്‍ക്കുമിടയില്‍, ദൈവവചനം നമുക്ക് പ്രത്യാശയുടെ കിരണം നല്‍കുന്നു. ക്രിസ്തുവായ പാറയില്‍, നമ്മുടെ കുടുംബങ്ങളും സമൂഹവും അടിത്തറ കണ്ടെത്തുന്നു. അതിനാല്‍ നാം ഭയപ്പെടേണ്ടതില്ല. ക്രിസ്തു തന്റെ പുനരുത്ഥാനത്തിലൂടെ ഇതിനകം തന്നെ തന്റെ ഹൃദയത്തില്‍ നമുക്ക് ഇടം നല്‍കിയിട്ടുണ്ട്. അതിനാല്‍ ഈ കൃപയെ നമ്മുടെ കുടുംബങ്ങളിലേക്ക് സ്വാഗതം ചെയ്യണം. ക്രിസ്തുവിനെ അറിയാനും കണ്ടുമുട്ടാനുമുള്ള പ്രത്യേക സ്ഥലമാണ് കുടുംബമെന്നും, ഇതാണ് ഫ്രാന്‍സിസ് പാപ്പ, പഠിപ്പിച്ചതെന്നും ലെയോ പതിനാലാമന്‍ പാപ്പ അനുസ്മരിച്ചു.