സത്യം പറയുക എന്നത് സ്നേഹത്തിന്റെ പ്രവൃത്തിയാണെന്ന് ലെയോ മാർപാപ്പ
സത്യം വിളിച്ചുപറയുന്നത് വ്യക്തികളെ കെട്ടിപ്പടുക്കുന്നതിനും മുറിവുകൾ ഉണക്കുന്നതിനും സഹായിക്കുന്ന സ്നേഹത്തിന്റെ പ്രവൃത്തി ആണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ബൊളീവിയൻ കത്തോലിക്കാ സർവകലാശാലയുടെ അറുപതാം വാർഷികത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് മാർപാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.
സത്യം എന്നത് വെറുമൊരു ബൗദ്ധിക ആശയമല്ല മറിച്ച് അത് യേശുക്രിസ്തു എന്ന വ്യക്തിയിലാണ് കുടികൊള്ളുന്നത്. കർക്കശമായി ചിന്തിക്കാനും തുറന്ന സംവാദങ്ങളിൽ ഏർപ്പെടാനും സത്യസന്ധതയോടെ പ്രവർത്തിക്കാനും പ്രാപ്തിയുള്ള വ്യക്തികളെ വാർത്തെടുക്കലാകണം വിദ്യാഭ്യാസമെന്ന് പാപ്പ പറഞ്ഞു.
അറിവ് മറ്റുള്ളവരെ അടിച്ചമർത്താനോ മാറ്റിനിർത്താനോ ഉള്ള ആയുധമാകരുത്. അത് നീതിക്കും മനുഷ്യാന്തസ്സിനും പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടിയുള്ള സേവനമാകണം. വിജ്ഞാനം ആത്മകേന്ദ്രീകൃതമാകാതെ സമൂഹത്തിന്റെ നന്മയ്ക്കും ഉന്നമനത്തിനുമായി വിനിയോഗിക്കപ്പെടുമ്പോൾ മാത്രമേ അത് അർഥപൂർണ്ണമാകൂ എന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.
സർവകലാശാലയുടെ ആപ്തവാക്യമായ ‘വെരിത്താസ് ഇൻ കാരിത്താത്തേ’ (സ്നേഹത്തിലുള്ള സത്യം ) എന്ന ആശയത്തെ മുറുകെപ്പിടിക്കണമെന്നും മാർപാപ്പ ഓർമ്മിപ്പിച്ചു.