കൃത്യമായ ആരാധനാക്രമ പരിശീലനവും പാലനവും അല്‍മായര്‍ക്കും വൈദികര്‍ക്കും അനിവാര്യം: ലിയോ പാപ്പാ
ഒറിഗണിലെ മൗണ്ട് ഏഞ്ചല്‍ ആശ്രമത്തില്‍നടന്നുവരുന്ന ആരാധനാക്രമവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ആശംസകള്‍ നേര്‍ന്നും, ആരാധനക്രമ പരിശീലനത്തിന്റെ പ്രാധാന്യം എടുത്തുകാട്ടിയും ലിയോ പാപ്പാ.
ദൈവജനത്തിന്റെ ആരാധനാക്രമ പരിശീലനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി, ഒറിഗണിലെ ഈ ബെനെഡിക്ടന്‍ ആശ്രമത്തില്‍ നടന്നുവരുന്ന സമ്മേളനത്തില്‍ സംബന്ധിക്കുന്നവര്‍ക്കായി, ദൈവാരാധനയ്ക്കും കൂദാശകളുമായി ബന്ധപ്പെട്ട നിയന്ത്രണത്തിനുമായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആര്‍തര്‍ റോഷിനയച്ച സന്ദേശത്തിലൂടെയാണ് അല്‍മായരുള്‍പ്പെടെയുള്ള സഭംഗങ്ങള്‍ക്ക്, പ്രത്യേകിച്ച് ദൈവജനത്തെ നയിക്കാന്‍ നിയോഗിക്കപ്പെട്ട വൈദികര്‍ക്ക് ആരാധനാക്രമകാര്യങ്ങളില്‍ വേണ്ട ശ്രദ്ധയെക്കുറിച്ച് പാപ്പാ എഴുതിയത്.
ഓഗസ്റ്റ് 14 മുതല്‍ 19 വരെ തീയതികളിലാണ് ഈ സമ്മേളനം നടക്കുന്നത്.
ആരാധനാക്രമത്തിന്റെ ദൈവശാസ്ത്ര, ആദ്ധ്യാത്മിക തലങ്ങളുടെ ആഴവും അതിന്റെ മനോഹാരിതയും പരമര്‍ശിക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ 'ദെസിദേരിയോ ദെസിദെരാവി' എന്ന അപ്പസ്‌തോലികലേഖനം പരാമര്‍ശിച്ച ലിയോ പതിനാലാമന്‍ പാപ്പാ, വൈദികര്‍ക്കും അല്‍മായര്‍ക്കും ശ്രദ്ധാപൂര്‍വ്വം ആരാധനാക്രമകാര്യങ്ങളില്‍ തുടര്‍പരിശീലനം നല്‍കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അതിലൂടെ തന്റെ മുന്‍ഗാമി വ്യക്തമാക്കിയിരുന്നുവെന്ന് എഴുതി.
ഏതാനും പേര്‍ക്കുവേണ്ടി മാത്രമല്ല, മുഴുവന്‍ ദൈവജനത്തിന്റെയും ആന്തരിക മനോഭാവത്തെയും രൂപീകരണത്തെയുമാണ് ഈയൊരു പരിശീലനം കൊണ്ട് അദ്ദേഹം ലക്ഷ്യം വച്ചിരുന്നതെന്ന്, 2024 ഫെബ്രുവരി 8-ന് നടന്ന ഡികാസ്റ്ററിയുടെ പ്ലീനറി സമ്മേളനത്തില്‍ സംബന്ധിച്ചവരെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ നടത്തിയ പ്രഭാഷണത്തെ അധികരിച്ച് പാപ്പാ എഴുതി.
സഭയുടെ എല്ലാ തലങ്ങളിലും ആരാധനാക്രമപരിശീലനത്തിന് ശ്രദ്ധ നല്‍കേണ്ടതിന്റെയും, അതിനായി പ്രയോഗികമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതിന്റെയും പ്രാധാന്യം എടുത്തുകാണിച്ച പാപ്പാ, പൗരോഹിത്യ തിരുപ്പട്ടം സ്വീകരിച്ചവര്‍, വിശ്വാസികളെ വിശ്വാസ രഹസ്യങ്ങളിലേക്ക് നയിക്കുന്നവരാകയാല്‍, അവരുടെ പരിശീലനത്തിന് കൂടുതല്‍ മുന്‍ഗണന നല്‍കേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു.
ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബാനയ്ക്കായി ഒരുമിച്ചുകൂടുന്നതാണ് ആരാധനാക്രമ പരിശീലനത്തിന്റെ ആദ്യ അവസരമെന്ന് എഴുതിയ പാപ്പാ, പെസഹാരഹസ്യത്തെ കേന്ദ്രീകരിച്ചുള്ള ഈ ആഘോഷം ആരാധനാക്രമവര്‍ഷത്തിന്റെ ക്രമമനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് അനുസ്മരിച്ചു.
ആരാധനാക്രമനിയമങ്ങള്‍ പാലിക്കപ്പെടണം
വൈദികരും മുഴുവന്‍ ദൈവജനവും സഭ അംഗീകരിച്ച ആരാധനക്രമഗ്രന്ഥങ്ങളോടും, അതിലെ നിയമങ്ങളോടും നിര്‍ദ്ദേശങ്ങളോടും വിശ്വസ്തത പാലിക്കേണ്ടതിന്റെ പ്രാധാന്യം പരിശുദ്ധ പിതാവ് തന്റെ സന്ദേശത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു.
ആരാധനാക്രമവുമായി ബന്ധപ്പെട്ട 'സാക്രോസാന്ക്തും കൊണ്‍ചീലിയും'എന്ന പ്രമാണരേഖയെ, ആധാരമാക്കി ബുധനാഴ്ചകളിലെ പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിയ ഉദ്‌ബോധനങ്ങളില്‍ താന്‍ ആവശ്യപ്പെട്ടിരുന്നതുപോലെയും, പോള്‍ ആറാമന്‍ പാപ്പായും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായും പ്രാബല്യത്തില്‍ വരുത്തിയ ആരാധനക്രമനിബന്ധനകളനുസരിച്ചും, ദിവ്യരഹസ്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍, പ്രത്യേകിച്ച് വൈദികര്‍ ആരാധനാക്രമത്തോട് കാണിക്കേണ്ട ആദരവ് പാപ്പാ എടുത്തുപറഞ്ഞു.
ഇത് ദൈവത്തിലുള്ള ശരണത്തിന്റെയും, തുറന്ന മനസ്സിന്റെയും സഭാത്മകകൂട്ടായ്മയോടുള്ള വിശ്വസ്തതയുടെയും പ്രകടനവും അടയാളവും കൂടിയായിരിക്കണമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.