സംഘർഷഭരിതമായ ഈ ലോകത്ത് ഇനിയും സമാധാനം സാധ്യമാണ്: ലിയോ  പാപ്പാ

 
Leonpapa

സംഘർഷഭരിതമായ ഈ ലോകത്ത് ഇനിയും സമാധാനം സാധ്യമാണെന്നോർമ്മിപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ. മെയ് 30 ന് വൈകുന്നേരം 7 മണിക്ക് വത്തിക്കാൻ ഗാർഡനിലെ ലൂർദ് മാതാവിന്റെ ഗ്രോട്ടയിൽ ജപമാല പ്രാത്ഥനയ്ക്ക് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു പാപ്പാ. ആഗോളസമാധാനമെന്ന ലക്ഷ്യത്തോടെയായിരുന്നു, പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസ സമാപനത്തിന്റെ കൂടി പശ്ചാത്തലത്തിൽ ഇത്തരമൊരു പ്രാർത്ഥനായജ്ഞം സംഘടിപ്പിക്കപ്പെട്ടത്.

സമാധാനം ഒരു സിദ്ധാന്തമോ വെറും മിഥ്യയോ അല്ലെന്നും, നീതിയിലും സ്നേഹത്തിലും അധിഷ്ഠിതമായ ദൈനംദിന പ്രതിബദ്ധതയാണെന്നും പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. ദൈവവചനം ശ്രവിക്കുകയും അനുസരിക്കുകയും ചെയ്ത പരിശുദ്ധ കന്യകാമറിയത്തെ വിശ്വാസിയുടെ മാതൃകയായി വിശേഷിപ്പിച്ച പരിശുദ്ധ പിതാവ്, ജപമാലയിലെ ദിവ്യ രഹസ്യങ്ങളുടെ ധ്യാനത്തിലൂടെ യേശുവാകുന്ന സമാധാനത്തെ കണ്ടെത്താൻ കഴിയുമെന്നും ചൂണ്ടിക്കാട്ടി.

നിരപരാധികളായ കുട്ടികൾ, ദുരിതമനുഭവിക്കുന്ന മാതാപിതാക്കൾ, അഭയാർത്ഥികൾ, പീഡനത്തിനിരയായ തടവുകാർ എന്നിവരുടെ നിലവിളി ലോകം അവഗണിക്കരുതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, അധികാരമോഹവും വാക്കുകളിലെ അക്രമവും അവസാനിപ്പിച്ച് നീതിക്കും സത്യത്തിനും പ്രാധാന്യം നൽകേണ്ട സമയമാണിതെന്ന് മുന്നറിയിപ്പ് നൽകി.

സ്നേഹിക്കുന്ന ഹൃദയത്തിൽ നിന്നാണ് യഥാർത്ഥ സമാധാനം ആരംഭിക്കുന്നതെന്നും, അനുരഞ്ജനത്തിന്റെ വാക്കുകൾ സംസാരിക്കുകയും ലോകത്തെ സൗമ്യതയോടും ജ്ഞാനത്തോടും കൂടി കാണുകയും ചെയ്യുമ്പോൾ, സമാധാനം വളരുമെന്നും പാപ്പാ തന്റെ സന്ദേശത്തിൽ ഉദ്‌ബോധിപ്പിച്ചു. ദൈനംദിന ജീവിതത്തിലും സാമൂഹ്യമാധ്യമങ്ങളിലും അക്രമരഹിതമായ സമീപനം സ്വീകരിക്കുന്നത് സമാധാനത്തിലേക്കുള്ള ആദ്യപടിയാണെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.

ദൈവം സമാധാനപ്രവർത്തകരെ അന്വേഷിക്കുകയാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, വാക്കുകളിൽ മാത്രമല്ല, പ്രവൃത്തികളിലും ‘ഇതാ ഞാൻ’ എന്ന് ദൈവത്തോട് ഓരോ ദിവസവും പ്രത്യുത്തരം നല്കാൻ പരിശുദ്ധ മറിയം ഏവരെയും സഹായിക്കട്ടെ എന്ന പ്രാർത്ഥനയോടെയാണ് തന്റെ സന്ദേശം അവസാനിപ്പിച്ചത്.

സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ ഡികാസ്റ്ററി സംഘടിപ്പിച്ച "സമാധാനത്തിനു വേണ്ടിയുള്ള  ഈ ആഗോള ജപമാലപ്രാർത്ഥനയിൽ" ലോകമെമ്പാടും നിന്നുള്ള 200-ലധികം മരിയൻ തീർഥാടനകേന്ദ്രങ്ങളിൽനിന്നുൾപ്പെടെ ഒരു ലക്ഷത്തിത്തിലധികം വിശ്വാസികൾ ദൃശ്യമാധ്യമങ്ങളിലൂടെയുള്ള തത്സമയ സംപ്രേഷണത്തിൽ പങ്കുചേർന്നു. ലെബനൻ, നിക്കരാഗ്വ, ഉക്രെയ്ൻ, ടൻസാനിയ, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ളവർ ജപമാലയിലെ വിവിധ ദിവ്യരഹസ്യങ്ങൾ പാരായണം ചെയ്തു.

Tags

Share this story

From Around the Web