ഞായറാഴ്ചകളിലെ വിശുദ്ധ കുര്‍ബാന വിശ്വാസികള്‍ക്ക് കൂടുതല്‍ അനുഭവേദ്യമാക്കണം:ലിയോ പാപ്പ

 
papa

ഞായറാഴ്ചകളില്‍ ദൈവാലയങ്ങളില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാന വിശ്വാസികള്‍ക്ക് ഏറ്റവും മനോഹരവും അര്‍ഥപൂര്‍ണ്ണവുമായ അനുഭവമാക്കി മാറ്റാന്‍ ആവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കണമെന്ന് ഇടവക സമൂഹങ്ങളോടും വൈദികരോടും ആഹ്വാനം ചെയ്ത് ലെയോ പതിനാലാമന്‍ മാര്‍പാപ്പ.

വത്തിക്കാനില്‍ നടന്ന ജനറല്‍ ഓഡിയന്‍സില്‍ ആണ് പാപ്പ ഇപ്രകാരം ആഹ്വാനം ചെയ്തത്.

ദിവ്യബലി കേവലം കടമ തീര്‍ക്കാനുള്ള ഒരു ആചാരമല്ല, മറിച്ച് ഉത്ഥിതനായ ക്രിസ്തുവുമായുള്ള ജീവസ്സുറ്റ കണ്ടുമുട്ടലാണ്. 

അതിനാല്‍, വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരാന്‍ എത്തുന്ന ഓരോ വിശ്വാസിക്കും ആത്മീയമായ അനുഭൂതി ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ പള്ളികളിലെ ക്രമീകരണങ്ങള്‍ സഹായിക്കണമെന്ന് പാപ്പ പറഞ്ഞു.

 കുര്‍ബാന മധ്യേയുള്ള പ്രസംഗങ്ങള്‍ ദൈവവചനത്തെ അനുദിന ജീവിതവുമായി ബന്ധിപ്പിക്കുന്നതും ലളിതവും ആത്മീയ പ്രചോദനം നല്‍കുന്നതുമായിരിക്കണം എന്നും കുട്ടികളും യുവാക്കളും വയോധികരും ഉള്‍പ്പെടെയുള്ള മുഴുവന്‍ ഇടവക സമൂഹത്തിനും സജീവമായി പങ്കുചേരാന്‍ സാധിക്കുന്ന രീതിയില്‍ വിശുദ്ധ കുര്‍ബാനയുടെ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും പാപ്പ ഊന്നിപ്പറഞ്ഞു.


ദൈവാലയങ്ങളില്‍ എത്തുന്ന എല്ലാവരെയും സ്നേഹത്തോടും സഹോദര്യത്തോടും കൂടെ സ്വീകരിക്കുന്ന സൗഹൃദപരമായ അന്തരീക്ഷം വളര്‍ത്തിയെടുക്കേണ്ടത് ഇന്നിന്റെ ആവശ്യമാണെന്ന് പറഞ്ഞ പാപ്പ, തിരക്ക് പിടിച്ച ആധുനിക ജീവിതത്തില്‍ ആത്മീയ നവീകരണത്തിനും കുടുംബബന്ധങ്ങള്‍ ദൃഢമാക്കുന്നതിനും ദൈവവചനവും ദിവ്യകാരുണ്യവും ശക്തി നല്‍കുന്നു എന്നും ഓര്‍മിപ്പിച്ചു. 

അതുകൊണ്ടുതന്നെ വിശുദ്ധ കുര്‍ബാന അര്‍പ്പണം കൂടുതല്‍ ഭക്തിനിര്‍ഭരവും അനുഗ്രഹപ്രദവുമാക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് മാര്‍പാപ്പ ഇടവക ശുശ്രൂഷകരെയും വിശ്വാസികളെയും ആഹ്വാനം ചെയ്തു.
 

Tags

Share this story

From Around the Web