ഓരോ ക്രൈസ്തവനും മിഷ്ണറി ദൗത്യത്തില്‍ നിര്‍ണ്ണായക പങ്ക്, സുവിശേഷം പങ്കുവെയ്ക്കണം: ലെയോ പാപ്പ
 

 
leo papa


വത്തിക്കാന്‍ സിറ്റി: സുവിശേഷപ്രഘോഷണ, മിഷ്ണറി ദൗത്യങ്ങളില്‍ പങ്കാളികളാകാന്‍ എല്ലാ വിശ്വാസികള്‍ക്കുമുള്ള ഉത്തരവാദിത്വം ഓര്‍മ്മിപ്പിച്ച് ലെയോ പാപ്പ. 


ലോക മിഷന്‍ ദിന സ്ഥാപനത്തിന്റെ നൂറാം ശതാബ്ദി ആഘോഷിക്കുന്ന വേളയ്ക്കായി തയാറാക്കിയിരിക്കുന്ന വീഡിയോ സന്ദേശത്തിലാണ് സുവിശേഷ പ്രഘോഷണ ദൗത്യത്തില്‍ തങ്ങളുടെ വിളിയും കഴിവുകളും അനുസരിച്ച് പങ്കാളികളാകാന്‍ എല്ലാ വിശ്വാസികളും തയ്യാറാകണമെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചത്.


 'ക്രിസ്തുവില്‍ ഒന്നായി, മിഷ്ണറി നിയോഗത്തില്‍ ഒരുമിച്ച്' എന്ന പ്രമേയത്തോടെ ഒക്ടോബര്‍ 18 ഞായറാഴ്ചയാണ് ശതാബ്ദി ദിനം സഭ ലോകമെമ്പാടും ആചരിക്കുക.

മാമ്മോദീസാ വഴി ക്രിസ്തുവിന്റെ ശരീരത്തിലെ അംഗമാകുന്ന ഓരോ വിശ്വാസിക്കും സുവിശേഷ ദൗത്യത്തില്‍ സവിശേഷമായ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പാപ്പ, പരിശുദ്ധാത്മാവിന്റെ സഹായത്തോടെ ഒരു കുടുംബത്തിലെ അംഗങ്ങളെന്ന നിലയില്‍, ക്രിസ്തുവിലുള്ള വിശ്വാസ കൂട്ടായ്മയിലേക്ക് എല്ലാവരെയും നയിക്കുന്നതില്‍ വിശ്വാസികള്‍ക്കുള്ള ഉത്തരവാദിത്വം പ്രത്യേകമായ വിധത്തില്‍ ഓര്‍മ്മിപ്പിച്ചു.

 തന്റെ യൗവ്വനകാലവുമായി ബന്ധപ്പെട്ട് സംസാരിച്ച പാപ്പ, മിഷന്‍ ദിനവുമായി ബന്ധപ്പെട്ട പ്രാര്‍ത്ഥനകള്‍ മിഷ്ണറി ജീവിതത്തിലേക്കുള്ള തന്റെ ദൈവവിളിക്ക് വഴിയൊരുക്കിയത് പ്രത്യേകം അനുസ്മരിച്ചു.

തങ്ങളുടേതായ വിളിയും, തങ്ങള്‍ക്ക് ലഭിച്ച കൃപകളും അനുസരിച്ച്, സ്‌നേഹത്തിന്റെ പ്രവര്‍ത്തനമായ സുവിശേഷവത്കരണത്തില്‍ പങ്കുചേരാന്‍ പാപ്പ ആഹ്വാനം ചെയ്തു. 


സ്‌നേഹത്തിന്റെ സുവിശേഷം എല്ലാവരിലേക്കും, പ്രത്യേകിച്ച് പാവപ്പെട്ടവരും ബുദ്ധിമുട്ടനുഭവിക്കുന്നവരുമായ മനുഷ്യരിലേക്ക് എത്തിക്കുന്നതില്‍ പ്രാര്‍ത്ഥനകളും സമൂര്‍ത്തമായ സംഭാവനകളും വലിയ സഹായമായിരിക്കുമെന്നും പാപ്പ പറഞ്ഞു.

 മിഷ്ണറി നിയോഗം, സുവിശേഷവത്കരണമേഖലയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന, മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കേണ്ട പിന്തുണ തുടങ്ങിയവയുടെ പ്രാധാന്യം എല്ലാ രൂപതകളിലേക്കും ഇടവകകളിലേക്കും എത്തിക്കുക എന്ന ഉദ്ദേശത്തോടെ, പിയൂസ് പതിനൊന്നാം പാപ്പയാണ് നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോക മിഷന്‍ ദിനം സ്ഥാപിച്ചത്.

Tags

Share this story

From Around the Web