ക്രൈസ്തവര്‍ ക്രിസ്തുവിന്റെ ശൈലിയില്‍ പ്രത്യാശയുടെ അടയാളങ്ങളായി ജീവിക്കണം: ലിയോ പാപ്പാ
വത്തിക്കാന്‍: തിന്മയുടെ അന്ധകാരത്തില്‍നിന്ന് പുതുജീവിതത്തിലേക്ക് മാനവികതയുടെ കണ്ണുകള്‍ തുറക്കാന്‍ ക്രിസ്തുവിന് സാധിക്കുമെന്ന് ലിയോ പതിനാലാമന്‍ പാപ്പാ.
റോം രൂപതയിലെ ഇടവകകളിലേക്കുള്ള അജപാലനസന്ദര്‍ശനത്തിന്റെ ഭാഗമായി, നഗരത്തിന്റെ വടക്കുകിഴക്കന്‍ പ്രദേശത്ത് പോന്തേ മാമ്മൊളോയിലെ ഈശോയുടെ തിരുഹൃദയ'ത്തിന്റെ പേരിലുള്ള ഇടവകദേവാലയത്തില്‍ വിശുദ്ധ ബലിമധ്യേ നടത്തിയ പ്രഭാഷണത്തിലാണ്, അന്ധനായ മനുഷ്യന് കാഴ്ചശക്തി നല്‍കുന്ന യേശുവിനെക്കുറിച്ചുള്ള സുവിശേഷഭാഗത്തെ ആധാരമാക്കി, പരിശുദ്ധ പിതാവ് ഇങ്ങനെ പ്രസ്താവിച്ചത്.
ഇടവകയിലെത്തിയ പരിശുദ്ധ പിതാവ് അവിടെയുള്ള കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും, രോഗികള്‍ക്കും വയോധികര്‍ക്കും, ഇടവകയിലെ അജപാലന ഉപദേശകസമിതിക്കും പ്രത്യേകം കൂടിക്കാഴ്ചകള്‍ അനുവദിച്ചിരുന്നു.
റോം രൂപതയിലേക്കുള്ള പരിശുദ്ധ പിതാവിന്റെ വികാരിയും ജോണ്‍ ലാറ്ററന്‍ ബസലിക്കയുടെ ആര്‍ച്ച് പ്രീസ്റ്റുമായ കര്‍ദ്ദിനാള്‍ ബാള്‍ദോ റെയ്നയും പരിശുദ്ധ പിതാവിനെ അനുഗമിച്ചിരുന്നു.
ദൈവം വെളിച്ചവും പ്രത്യാശയും സമാധാനവുമാണ് കൊണ്ടുവരുന്നതെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ, അതുകൊണ്ടുതന്നെ, ദൈവത്തെ വിളിച്ചപേക്ഷിക്കുന്നവരും സമാധാനമാണ് തേടേണ്ടതെന്നും, അതിലേക്ക് എത്താനായി സംവാദത്തിന്റെ പാതയാണ് തിരഞ്ഞെടുക്കേണ്ടതെന്നും പ്രസ്താവിച്ചു.
മദ്ധ്യപൂര്‍വ്വദേശങ്ങളിലുള്‍പ്പെടെ നടന്നുവരുന്ന യുദ്ധങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ സംസാരിച്ച പാപ്പാ, അക്രമത്തെ ദൈവനാമത്തില്‍ ന്യായീകരിക്കുന്നതിനെ അപലപിച്ചു.
മുന്‍വിധികള്‍ മാറ്റിവച്ച്, സഹനങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരുടെ അന്തസ്സ് തിരിച്ചറിഞ്ഞ് ദൈവികമായ കാഴ്ചപ്പാടോടെ വേണം മനുഷ്യര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് പറഞ്ഞ പാപ്പാ, ക്രൈസ്തവര്‍ കരുണയുടെയും പ്രാര്‍ത്ഥനയുടെയും ഐക്യദാര്‍ഢ്യത്തിന്റെയും മാര്‍ഗ്ഗവും ശൈലിയുമാണ് സ്വീകരിക്കേണ്ടതെന്നും ഓര്‍മ്മിപ്പിച്ചു.
റോമിലുള്ള റേബിബ്ബിയ ജയില്‍ പോന്തേ മാമ്മൊളോ ഇടവയുടെ പരിധിക്കുള്ളിലാണെന്ന കാര്യം കൂടി പരിഗണിച്ചുകൊണ്ട്, അഭയാര്‍ത്ഥികള്‍ക്കും പാവപ്പെട്ടവര്‍ക്കും ഒപ്പം തടവുകാര്‍ക്കും തിരുഹൃദയ ഇടവക നല്‍കിവരുന്ന സഹായസേവനങ്ങള്‍ പരിശുദ്ധ പിതാവ് പ്രത്യേകം പരാമര്‍ശിച്ചു.
ക്രൈസ്തവര്‍ തങ്ങളുടെ ശുശ്രൂഷാ-വിദ്യാഭ്യാസമേഖലകളിലെ സേവനങ്ങള്‍ വഴി ലോകത്തിന് മുന്നില്‍ വിശ്വാസസാക്ഷ്യമേകണമെന്ന് പാപ്പാ ആവശ്യപ്പെട്ടു.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദേവാലയം സന്ദര്‍ശിച്ചിരുന്നു. പെസഹായോടടുത്ത് റോം രൂപതയിലെ ഇടവകകളിലേക്കുള്ള അഞ്ചാമത്തെ സന്ദര്‍ശനമായിരുന്നു ലിയോ പതിനാലാമന്‍ പാപ്പാ നടത്തിയത്. ഫാ. ഫ്രാന്‍സ് റേഫാലോയാണ് ഇവിടുത്തെ വികാരി.