സാമ്പത്തിക വിദ്യാഭ്യാസ മേഖലകളില്‍ 'കത്തോലിക്കാ പ്രസ്ഥാനം' നല്‍കുന്ന സേവനങ്ങള്‍ തുടരുക: ലിയോ പാപ്പാ
വത്തിക്കാന്‍സിറ്റി: ഇറ്റലിയിലെ പൊതുസമൂഹത്തില്‍ കത്തോലിക്കരുടെ സജീവസാന്നിദ്ധ്യവും സേവനവും ഉറപ്പാക്കുന്നതില്‍, 'കാത്തലിക് ഇന്‍ഷുറന്‍സ് സൊസൈറ്റി' യും, 'കാത്തലിക് ഫൗണ്ടേഷനും' ചെയ്യുന്ന പങ്കിനെ അഭിനന്ദിച്ച് ലിയോ പതിനാലാമന്‍ പാപ്പാ.
കത്തോലിക്കാ പ്രസ്ഥാനത്തിന്റെ അംഗങ്ങള്‍ക്ക് മാര്‍ച്ച് 13 വെള്ളിയാഴ്ച വത്തിക്കാനില്‍ അനുവദിച്ച കൂടിക്കാഴ്ചയില്‍ സംസാരിക്കവെയാണ് ഇരു പ്രസ്ഥാനങ്ങളുടെയും സ്ഥാപനത്തെയും, അവ നല്‍കിവരുന്ന സേവനങ്ങളെക്കുറിച്ചും പരിശുദ്ധപിതാവ് പരാമര്‍ശിച്ചത്.
ലിയോ പതിമൂന്നാമന്‍ പാപ്പാ ''റേരും നൊവാരും'' എന്ന ചാക്രികലേഖനത്തിലൂടെ നല്‍കിയ ആഹ്വാനം കൈക്കൊണ്ട്, സാമൂഹികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനായി കത്തോലിക്കര്‍ സാമ്പത്തിക രംഗത്ത് ഒരുമിച്ച് വന്നതിന്റെ ഭാഗമായിരുന്നു നിലവിലെ കത്തോലിക്കാ പ്രസ്ഥാനവും, അതിന് മുന്‍പുണ്ടായ കാത്തലിക് ഇന്‍ഷുറന്‍സ് സൊസൈറ്റിയുമെന്ന് പാപ്പാ അനുസ്മരിച്ചു.
കൂടുതല്‍ ദുര്‍ബലമായ അവസ്ഥകളിലൂടെ കടന്നുപോകുന്ന കുടുംബങ്ങള്‍ക്കും, സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും സഹായമെത്തിക്കാന്‍ ഈ സംഘടനയ്ക്കായിട്ടുണ്ടെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളില്‍ യുവജനങ്ങള്‍ക്ക് നല്‍കിവരുന്ന സഹായങ്ങളും പിന്തുണയും തുടരാന്‍ പരിശുദ്ധ പിതാവ് സംഘടനാ നേതൃത്വത്തെ ആഹ്വാനം ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് തിരുഹൃദയത്തിന്റെ നാമത്തില്‍ മിലാനിലുള്ള കത്തോലിക്കാ യൂണിവേഴ്‌സിറ്റിയോട് ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങളും പാപ്പാ പ്രത്യേകം പരാമര്‍ശിച്ചു.
'സഭയുടെ സാമൂഹികതത്വങ്ങളുടെ ആഘോഷം' എന്ന പേരിലുള്ള സംരംഭത്തിന് കഴിഞ്ഞ വര്‍ഷങ്ങളില്‍ കത്തോലിക്കാ പ്രസ്ഥാനം നല്‍കി വന്നിരുന്ന പിന്തുണ അനുസ്മരിച്ച പരിശുദ്ധ പിതാവ്, ഫ്രാന്‍സിസ് പാപ്പായ്ക്ക് ഏറെ പ്രിയപ്പെട്ട ഒന്നായിരുന്നു അതെന്ന് കൂട്ടിച്ചേര്‍ത്തു.
സുവിശേഷാത്മകമായ ശൈലിയില്‍, ലക്ഷ്യവും മാര്‍ഗ്ഗവും തമ്മില്‍ ചേര്‍ച്ചയുള്ള സേവനപ്രവര്‍ത്തങ്ങളുമായി മുന്നോട്ട് പോകാന്‍ സംഘടനാംഗങ്ങളെ ക്ഷണിച്ച പാപ്പാ, വാഴ്ത്തപ്പെട്ട ജ്യുസേപ്പേ തൊണിയോളോയുടെ ഉദ്‌ബോധനങ്ങള്‍ നിങ്ങള്‍ക്ക് പ്രേരണയാകട്ടെയെന്ന് ആശംസിച്ചു.