ഒന്നേകാല്‍ ലക്ഷത്തോളം വിശ്വാസികള്‍ക്ക് ഒപ്പം ബലിയര്‍പ്പിച്ച് ലെയോ പാപ്പ; കാമറൂണ്‍ സന്ദര്‍ശനത്തിന് ഇന്നു സമാപനം
യൗണ്ടെ: ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ അപ്പസ്തോലിക സന്ദര്‍ശനം തുടരുന്ന ലെയോ പാപ്പ ഒന്നേകാല്‍ ലക്ഷത്തോളം വിശ്വാസികള്‍ക്ക് ഒപ്പം ദിവ്യബലിയര്‍പ്പിച്ചു. ഇന്നലെ ഏപ്രിൽ 17 വെള്ളിയാഴ്ച അപ്പസ്തോലിക ന്യൂൺഷ്യേച്ചറിൽനിന്ന് സിമാലൻ അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക് കാറിൽ യാത്ര ചെയ്ത പാപ്പാ, അവിടെനിന്ന് 260 കിലോമീറ്ററുകളോളം അകലെ, യൗണ്ടെയ്ക്ക് പടിഞ്ഞാറുഭാഗത്തുള്ള ദൂവാല അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക് യാത്രയായി. രാവിലെ പത്തുമണിയോടെ ദൂവാലയിലെത്തിയ പാപ്പായ്ക്ക് പ്രാദേശിക ഭരണനേതൃത്വം സ്വാഗതമേകി. തുടർന്ന് പതിനാല് കിലോമീറ്ററുകളോളം അകലെയുള്ള ജപോമ സ്റ്റേഡിയത്തിൽ വിശുദ്ധ ബലിയർപ്പണത്തിനായി പരിശുദ്ധ പിതാവ് കാറിൽ യാത്ര തിരിച്ചു.
രാവിലെ പത്തരയോടെ സ്റ്റേഡിയത്തിലെത്തിയ പാപ്പാ, ആളുകൾക്കിടയിലൂടെ തുറന്ന കാറിൽ സഞ്ചരിച്ചു. വിശ്വാസികളെ അഭിവാന്ദ്യം ചെയ്തു. രാവിലെ പത്തേമുക്കാലോടെ പരിശുദ്ധ പിതാവ് സങ്കീർത്തിയിലെത്തി. ഏതാണ്ട് ഒന്നേകാൽ ലക്ഷത്തോളം ആളുകളാണ് പരിശുദ്ധപിതാവിന്റെ ബലിയർപ്പണത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നത്. തുടർന്ന് നടന്ന വിശുദ്ധ ബലിയിൽ, യേശു അഞ്ചപ്പവും രണ്ടു മീനും അയ്യായിരത്തോളം പുരുഷന്മാർ ഉൾപ്പെടുന്ന വലിയ ജനസമൂഹത്തിനായി നല്‍കിയ സംഭവത്തെക്കുറിച്ചു പരിശുദ്ധ പിതാവ് സന്ദേശം നൽകി.
വിശുദ്ധ ബലിയർപ്പണത്തിന്റെ അവസാനം, ദൂവാല അതിരൂപതാദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് സാമുവേൽ ക്ലേദ പരിശുദ്ധ പിതാവിന്റെ സന്ദർശനത്തിനും വിശുദ്ധ ബലിയർപ്പണത്തിനും സന്ദേശത്തിനും നന്ദിയര്‍പ്പിച്ചു. വിശുദ്ധബലിയർപ്പണത്തിന് ശേഷം, ഉച്ചയ്ക്ക് മൂന്നുമണിയോടെ, ഏതാണ്ട് പതിനൊന്നര കിലോമീറ്ററുകൾ അകലെയുള്ള സെന്റ് പോൾ കത്തോലിക്കാ ആശുപത്രിയിൽ ഒരു സ്വകാര്യകൂടിക്കാഴ്ചയ്ക്കായി പരിശുദ്ധ പിതാവ് യാത്ര തിരിച്ചു. ഇന്ന് ഏതാനും പരിപാടികള്‍ക്ക് ശേഷം ഇന്ത്യന്‍ സമയം വൈകീട്ട് 4.30യോട് കൂടി പാപ്പ അപ്പസ്തോലിക സന്ദര്‍ശനം നടത്തുന്ന അടുത്ത രാജ്യമായ അംഗോളയിലേക്ക് യാത്ര തിരിക്കും.