ഒരാഴ്ചയോളം നീണ്ട സ്‌പെയിൻ സന്ദര്‍ശനത്തിന് ശേഷം ലെയോ പാപ്പ റോമിലേക്ക് മടങ്ങി
ടെനറൈഫ്, സ്പെയിൻ: ഒരാഴ്ചയോളം നീണ്ട സ്പെയിനിലെ അപ്പസ്തോലിക സന്ദര്‍ശനത്തിന് ശേഷം ലെയോ പാപ്പ റോമിലേക്ക് മടങ്ങി. ടെനറൈഫിൽ നിന്ന് റോമിലേക്ക് പോകേണ്ടിയിരുന്ന പാപ്പ, ചില സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്നു വിമാനത്തിൽ നിന്ന് തിരികെ ഇറങ്ങേണ്ടി വന്നു. വിമാനത്താവളത്തിലുണ്ടായിരിന്ന ഫിലിപ്പ് ആറാമൻ രാജാവ് ഉടനെ വിമാനത്തിൽ കയറി, തന്നോടൊപ്പം ഇറങ്ങാൻ പാപ്പയെ ക്ഷണിച്ചു. തുടര്‍ന്നു സ്പാനിഷ് രാജാവിന്റെ ഫാൽക്കൺ ജെറ്റ് പാപ്പയ്ക്കു യാത്ര ചെയ്യുന്നതിന് വേണ്ടി ഒരുക്കുകയായിരിന്നു.
ഇതേ തുടർന്ന് പാപ്പയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തിലെ ഏതാനും പേരും രാജാവിന്റെ വിമാനത്തിൽ റോമിലേക്ക് പറന്നു. വത്തിക്കാൻ പ്രതിനിധി സംഘത്തിലെ ബാക്കിയുള്ളവരും പത്രപ്രവർത്തകരും പിന്നീട് ഐബീരിയ എയര്‍ലൈന്‍സ് ക്രമീകരിച്ച മറ്റൊരു വിമാനത്തിൽ മടങ്ങി. സ്പെയിനിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ പാപ്പയുടെ സമാപന പരിപാടി കുടിയേറ്റക്കാരുടെ സംയോജനത്തിനായി പ്രവർത്തിക്കുന്ന സംഘടന പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയായിരിന്നു.