400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെത്തി സുവിശേഷം പ്രസംഗിച്ച മിഷനറിയെ അനുസ്മരിച്ച് ലിയോ പാപ്പ

വത്തിക്കാന്‍ സിറ്റി: 1625-ല്‍ സുവിശേഷം പ്രസംഗിക്കുന്നതിനായി ഇന്ത്യയിലേക്ക് 5,000 മൈലിലധികം യാത്ര ചെയ്തെത്തിയ ലിത്വാനിയന്‍ വംശജനായ ജെസ്യൂട്ട് വൈദികന്‍ ഫാ. ആന്‍ഡ്രിയസ് റുഡാമിനയെ അനുസ്മരിച്ച് ലിയോ 14 ാമന്‍ പാപ്പ. ഫാ. റുഡാമിന ഇന്ത്യയിലെത്തിയതിന്റെ 400 ാം വാര്‍ഷികത്തോടനുബന്ധിച്ച് ഗോവ- ദാമന്‍ അതിരൂപതക്ക് അയച്ച കത്തില്‍ ഈ പരിപാടിയോടനുബന്ധിച്ച് ഓള്‍ഡ് ഗോവയിലെ സെ കത്തീഡ്രലില്‍ ഒത്തുകൂടിയ എല്ലാവര്‍ക്കും പാപ്പ ആശംസകള്‍ നേര്‍ന്നു.
ഒരു മിഷനറി എന്ന നിലയില്‍ ഫാ. റുഡാമിനയുടെ സാക്ഷ്യത്തിന് ദൈവത്തിന് നന്ദി പറയുന്നതില്‍ പങ്കുചേരുകയാണെന്ന് പാപ്പ പറഞ്ഞു. സുവിശേഷം എല്ലാവരിലേക്കും എത്തിക്കുന്നതില്‍ ഫാ. റുഡാമിന കാണിച്ച ഔദാര്യത്തിന്റെയും ധൈര്യത്തിന്റെയും ആഘോഷം, നമ്മുടെ കാലഘട്ടത്തിലും സുവിശേഷവല്‍ക്കരണ ദൗത്യത്തോട് സമാനമായ ക്ഷമയോടും ചാതുര്യത്തോടും കൂടി പ്രതികരിക്കാന്‍ പ്രോത്സാഹിപ്പിക്കട്ടെ എന്നും പാപ്പ കത്തില്‍ ആശംസിക്കുന്നു.
ഫാ. റുഡാമിനയുടെ മിഷനറി തീക്ഷ്ണതയുടെയും സംഭാഷണത്തിന്റെയും സാംസ്‌കാരിക സംയോജനത്തിന്റെയും ശ്രദ്ധേയമായ പൈതൃകത്തിന്റെയും അടിത്തറയില്‍ ഉറച്ചുനിന്നുകൊണ്ട് സാഹോദര്യ ഐക്യത്തിന്റെയും അനുരഞ്ജനത്തിന്റെയും യോജിപ്പിന്റെയും മാതൃകയായി എക്യുമെനിക്കല്‍, മതാന്തര സംഭാഷണങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ അതിരൂപതയ്ക്ക് സാധിക്കുമെന്നും ലിയോ പാപ്പ വിശ്വാസം പ്രകടിപ്പിച്ചു.
1625-ല്‍, 11 പോര്‍ച്ചുഗീസ് സന്യാസിമാരോടൊപ്പമാണ് 6,000 മൈല്‍ ദൂരമുള്ള അപകടകരമായ യാത്ര നടത്തി ഫാ. റുഡാമിന 29 വയസ്സുള്ളപ്പോള്‍ ഇന്ത്യയിലെത്തിയത്. 1626-ല്‍ അദ്ദേഹം മലേറിയ ബാധിച്ച് ചൈനയിലേക്ക് മാറ്റപ്പെടുകയും 5 വര്‍ഷത്തിനുശേഷം മരണമടയുകയും ചെയ്തു.