സഹനത്തെ കൃപയാക്കിയ മലയാളി യുവതി അജ്‌ന ജോര്‍ജ്ജിനെ അനുസ്മരിച്ച് ലെയോ പാപ്പ

 
LEO PAPA


വത്തിക്കാന്‍ സിറ്റി: താടിയെല്ലിലെ കാന്‍സറിനോട് നീണ്ട അഞ്ചു വര്‍ഷങ്ങള്‍ ആത്മീയ ധീരതയോടെ പോരാടി നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട അജ്‌ന ജോര്‍ജ്ജിനെ അനുസ്മരിച്ച് ലെയോ പാപ്പ. 

ഇന്നലെ ജീസസ് യൂത്ത് ആഗോള സംഗമത്തിനെത്തിയവര്‍ക്ക് നല്‍കിയ സന്ദേശത്തിനിടെയാണ് മാര്‍പാപ്പ അജ്‌നയുടെ കാര്യം അനുസ്മരിച്ചത്. ജീസസ് യൂത്ത് പ്രസ്ഥാനത്തില്‍ വിശ്വാസത്തിന്റെ സന്തോഷമുള്ളവരും ധീരതയുള്ള സാക്ഷികളായിത്തീര്‍ന്നവരുണ്ട്. 

ചിലര്‍ അങ്ങേയറ്റം മനോഹരവും ഹൃദയസ്പര്‍ശിയുമായ രീതിയിലാണ് നിര്‍വഹിച്ചത്. അജ്‌ന ജോര്‍ജ്ജ് ഇതിന് ഉദാഹരണമാണെന്നും തന്റെ രോഗമെന്ന വലിയ പരീക്ഷണഘട്ടത്തില്‍, ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായ യേശുവിനോടുള്ള സ്‌നേഹമാണ് അവള്‍ക്ക് കരുത്തുനല്‍കിയതെന്നും പാപ്പ ഇന്നലെ പറഞ്ഞു.


ജീവിച്ചിരിന്ന കാലയളവില്‍ തന്നെ അനേകരുടെ ഇടയില്‍ ശ്രദ്ധ നേടിയ പെണ്‍കുട്ടിയായിരിന്നു അജ്‌ന. ബിരുദാനന്തര ബിരുദം മികച്ച മാര്‍ക്കോടെ പാസായ അജ്‌ന, തേവര എസ്.എച്ച് കോളജിലെ കോമേഴ്സ് ഡിപ്പാര്‍ട്ടുമെന്റില്‍ അസിസ്റ്റന്റ് പ്രൊഫസറായി ഉദ്യോഗം ലഭിച്ച നാളുകളിലാണ് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. അര്‍ബുദം കണ്ണും, കാതും, കരളും, വായും, താടിയെല്ലും കാര്‍ന്നെടുത്തപ്പോഴും ദിവ്യകാരുണ്യ നാഥനെ മഹത്വപ്പെടുത്തി അടിയുറച്ച ക്രിസ്തു വിശ്വാസവുമായി അവള്‍ മുന്നോട്ട് പോകുകയായിരിന്നു. 

അസഹനീയമായ വേദനകളുടെ നടുവിലും കണ്ണിന്റെ കാഴ്ചയും കാതിന്റെ കേള്‍വിയും മുഖകാന്തിയും കാന്‍സര്‍ കാര്‍ന്ന് വിഴുങ്ങിയപ്പോഴും സംസാരശേഷി നഷ്ട്ടപ്പെട്ടപ്പോഴും അവളിലെ പുഞ്ചിരി മാഞ്ഞിരിന്നില്ല.


രോഗാവസ്ഥയില്‍ നല്‍കാനായി കൊണ്ടുവരുന്ന തിരുവോസ്തിക്കു മുന്‍പില്‍ ഒരു മണിക്കൂറോളം സമയം മനസ്സുകൊണ്ട് സ്തുതി ആരാധന അര്‍പ്പിച്ച ശേഷം മാത്രമാണ് അവള്‍ ഈശോയെ സ്വീകരിച്ചിരുന്നത്. 

അവസാന സമയങ്ങളില്‍ തിരുവോസ്തി സ്വീകരിക്കാന്‍ അധരങ്ങള്‍ കൊണ്ട് സാധ്യമാകാതിരുന്നപ്പോള്‍ പോലും തിരുവോസ്തി വെള്ളത്തില്‍ അലിയിച്ച് ഭക്ഷണം നല്‍കാന്‍ വയറു തുളച്ചിട്ടിരുന്ന ട്യൂബിലൂടെ ഉള്‍ക്കൊണ്ടിരിന്നു. 

ഏകദേശം ഏഴ് മാസത്തോളം ഇപ്രകാരമായിരുന്നു ഈ യുവതിയുടെ ദിവ്യകാരുണ്യ സ്വീകരണം. 2022 ജനുവരി 21 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കൃത്യം മൂന്നുമണിക്കാണ് രോഗിലേപനവും ദിവ്യകാരുണ്യ ഈശോയെയും സ്വീകരിച്ച് അജ്‌ന നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്.


 

Tags

Share this story

From Around the Web