ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ വത്തിക്കാനില്‍ സ്വീകരിച്ച് ലെയോ പാപ്പ

 
korean president


ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെ-മ്യൂങ്ങിനെ വത്തിക്കാനില്‍ സ്വീകരിച്ച് ലെയോ പതിനാലാമന്‍ പാപ്പ. തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹാര്‍ദപരമായ ബന്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി അദ്ദേഹം കര്‍ദിനാള്‍ സ്റ്റേറ്റ് സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തി. 


ജൂണ്‍ 15 തിങ്കളാഴ്ച രാവിലെ വത്തിക്കാനിലെ അപ്പോസ്‌തോലിക് കൊട്ടാരത്തില്‍ വച്ചാണ് പാപ്പ ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ സ്വീകരിച്ചത്.

മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍, അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധങ്ങള്‍ക്കായുള്ള സെക്രട്ടറി ആര്‍ച്ച്ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗല്ലഗെര്‍ എന്നിവരുമായും പ്രസിഡന്റ് ചര്‍ച്ച നടത്തി. 

വത്തിക്കാന്‍ സെക്രട്ടേറിയറ്റ് ഓഫ് സ്റ്റേറ്റില്‍ നടന്ന കൂടിക്കാഴ്ചയില്‍, 63 വര്‍ഷങ്ങള്‍ക്കു മുന്‍പ് (1963 ല്‍) സ്ഥാപിതമായ, വത്തിക്കാനും ദക്ഷിണ കൊറിയയും തമ്മിലുള്ള ഊഷ്മളമായ നയതന്ത്രബന്ധത്തെക്കുറിച്ച് ഇരുനേതാക്കളും സംസാരിച്ചു. 

അന്നുമുതല്‍ ഇരുരാജ്യങ്ങളും അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1984 ലും 1989 ലും ദക്ഷിണ കൊറിയ സന്ദര്‍ശിച്ചിരുന്നു. കൂടാതെ, ആറാമത് ഏഷ്യന്‍ യുവജനദിനത്തോടനുബന്ധിച്ച് 2014 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും രാജ്യം സന്ദര്‍ശിക്കുകയുണ്ടായി.


കൊറിയന്‍ സമൂഹത്തിന്, പ്രത്യേകിച്ച് വിദ്യാഭ്യാസ-സാമൂഹികക്ഷേമ മേഖലകളില്‍ അവിടത്തെ പ്രാദേശിക കത്തോലിക്കാ സഭ നല്‍കുന്ന സംഭാവനകളെ കര്‍ദിനാള്‍ സ്റ്റേറ്റ് സെക്രട്ടറിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റും അഭിനന്ദിച്ചതായി വത്തിക്കാന്‍ പ്രസ്സ് ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

2027 ല്‍ ദക്ഷിണ കൊറിയയില്‍ നടക്കാനിരിക്കുന്ന ലോക യുവജനദിനത്തെക്കുറിച്ചും അന്താരാഷ്ട്രതലത്തിലെ ചില പ്രധാന സാഹചര്യങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു.

Tags

Share this story

From Around the Web